പൗരന്മാരുടെ രേഖ പുതുക്കാൻ ഏകീകൃത സംവിധാനം
text_fieldsഅബൂദബി: യു.എ.ഇ പൗരന്മാരുടെ പാസ്പോര്‍ട്ടുകളും എമിറേറ്റ്സ് ഐ.ഡി കാര്‍ഡുകളും പുതുക്കുന്നതിനിനായി ഏകീകൃത സംവിധാനത്തിന് തുടക്കംകുറിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി). സീറോ ഗവണ്മെന്റ് ബ്യൂറോക്രസി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍ സേവനങ്ങള്‍ ലോകോത്തര മാതൃകയില്‍ നല്കുന്ന ഈ പദ്ധതിക്ക് ജൂണില്‍ തുടക്കംകുറിച്ചത് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം ആയിരുന്നു.
എമിറേറ്റ്സ് ഐ.ഡി കാര്‍ഡിന്റെ കാലാവധി ആറുമാസത്തില്‍ കുറവാണെങ്കില്‍ കൂടി പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐ.ഡി കാര്‍ഡും ഈയൊരു സൗകര്യത്തിലൂടെ ഒരുമിച്ചു പുതുക്കാനാവും. വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ നല്‍കാനുള്ള ഏകീകൃത ഇന്റര്‍ഫേസ് ആണ് ഈ സംവിധാനത്തിലുള്ളത്. ഇതാവട്ടെ ഒന്നിലധികം തവണ രേഖകളോ വിവരങ്ങളോ അപ് ലോഡ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു.
ഈ പദ്ധതിയിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്കു വേണ്ടിവന്നിരുന്ന സമയം 50 ശതമാനം വരെ കുറക്കാനാവും. അതുപോലെ കസ്റ്റമര്‍ കെയര്‍ കാളുകളും അന്വേഷണങ്ങളും 40 ശതമാനം വരെ ഇല്ലാതാക്കാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ ലളിതമാക്കാനും സേവനസംബന്ധിയായ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാനും കൂടുതല്‍ സംയോജിതമായ സേവനം ലഭ്യമാക്കാനുമുള്ള ദേശീയ ശ്രമങ്ങളെയാണ് പദ്ധതി പിന്തുണക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

