മരണാനന്തര നടപടികൾക്ക് ദുബൈയിൽ ഏകീകൃത പ്ലാറ്റ്ഫോം
text_fieldsദുബൈ: മരണാനന്തര നടപടികൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സഹായിക്കുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ‘ജാബിർ’ എന്ന പേരിലാണ് സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ തടസ്സമില്ലാതെ വേഗത്തിൽ ലഭ്യമാക്കാൻ ‘ജാബിർ’ പ്ലാറ്റ്ഫോം സഹായകമാവും.
മരണാനന്തരം രേഖകൾക്കായി ബന്ധുക്കൾ ഒന്നിലധികം ഓഫിസുകൾ കയറിയിറങ്ങുന്ന അവസ്ഥ ഇതോടെ ഇല്ലാതാകും. ‘ജാബിർ’ പ്ലാറ്റ്ഫോമിൽ മരണം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പ്രത്യേകം നിയോഗിക്കപ്പെട്ട സർക്കാർ ഓഫിസർ ബന്ധപ്പെട്ട അതോറിറ്റികളുമായുള്ള ഏകോപനത്തിലൂടെ ബന്ധുക്കൾക്ക് വേണ്ടി മുഴുവൻ നടപടികളും പൂർത്തിയാക്കുമെന്നതാണ് സംവിധാനത്തിന്‍റെ സവിശേഷത.
ബന്ധുക്കളുടെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിരിക്കുകയാണ്. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ സമയമാണ് ലഘൂകരിച്ചത്. അപേക്ഷയില്ലാതെ തന്നെ മരണ സർട്ടിഫിക്കറ്റുകൾ എല്ലാ അതോറിറ്റികൾക്കും ‘ജാബിർ’ പ്ലാറ്റ്ഫോം വഴി യഥാസമയം ലഭ്യമാവുന്നതിലൂടെ എല്ലാ സേവനങ്ങളും വേഗത്തിൽ ലഭ്യമാക്കാനാവുമെന്ന് ഈ സംവിധാനത്തിന്‍റെ വക്താവും ദുബൈ ഹെൽത്ത് അതോറിറ്റി ഇൻഫോർമോഷൻ ടെക്നോളജി ഡിപാർട്ട്മെന്റ് ഡയറക്ടറുമായ മാജിദ് അൽ മുഹൈരി പറഞ്ഞു.
ഓരോ കേസുകളും കൈകാര്യം ചെയ്യാൻ പ്രത്യേക ഓഫിസർമാരെ നിയോഗിക്കും. മരണപ്പെട്ടയാളുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തുകയും സംസ്കാരം, മൃതദേഹം കൊണ്ടുപോകൽ തുടങ്ങിയ എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്യും. എമിറേറ്റിലെ പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധുക്കൾ അപേക്ഷിക്കാതെ തന്നെ യഥാസമയം ആ അറിയിപ്പ് ബന്ധപ്പെട്ട എല്ലാ അതോറിറ്റികൾക്കും ലഭിക്കും. ഈ സംവിധാനത്തിലൂടെ ബന്ധുക്കൾക്ക് നേരിട്ട് മരണ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും ചെയ്യാം.
അതേസമയം, കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) ഇമാറാത്തി കുടുംബങ്ങൾക്ക് മരണസമയം അനുശോചന ടെന്‍റുകൾ ഒരുക്കും. ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റുമായി സഹകരിച്ച് 70 സ്ഥലങ്ങളിൽ ഇത്തരം ടെന്‍റുകൾ സജ്ജമാക്കും. കൂടാതെ മയ്യത്ത് കുളിപ്പിക്കുന്നതിനും കഫം ചെയ്യുന്നതുൾപ്പെടെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനുമായി 130ലധികം സന്നദ്ധപ്രവർത്തകർക്ക് ഔഖാഫ് പരിശീലനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

