ഷാർജ കടൽതീരത്ത് അജ്ഞാത മൃതദേഹം
text_fieldsRepresentation Image
ഷാർജ: എമിറേറ്റിലെ കടൽതീരത്ത് പൊങ്ങിക്കിടക്കുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഖോർഫുക്കാനിലെ മത്സ്യത്തൊഴിലാളിയാണ് അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ആഗസ്റ്റ് 15നായിരുന്നു സംഭവം. മത്സ്യത്തൊഴിലാളി തന്നെയാണ് വിവരം ഷാർജ തീരസംരക്ഷണ സേനയെ അറിയിച്ചത്.
സേനാംഗങ്ങൾ കടലിൽനിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബീച്ചിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതാണോ കൊലപാതകമാണോ എന്ന് കണ്ടെത്താൻ ഷാർജ പൊലീസ് സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബീച്ചിൽ അപകട മേഖലകളിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച് സ്ഥാപിച്ച സൂചന ബോർഡുകൾ ശ്രദ്ധിക്കണമെന്നും അപകടത്തിൽ ചാടരുതെന്നും ഷാർജ പൊലീസ് ബീച്ച് സന്ദർശകർക്ക് മുന്നറിയിപ്പു നൽകി. ഞായറാഴ്ച ദുബൈയിലെ ജുമൈറ ബീച്ചിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങിമരിച്ചിരുന്നു.

