റാക് ജയില്‍ വകുപ്പ് വിദ്യാഭ്യാസ പദ്ധതിക്ക് യുനെസ്കോ അംഗീകാരം; ജയിൽ ലൈബ്രറിയിൽ 9000ത്തിലേറെ പുസ്തകങ്ങൾ
text_fieldsറാസല്‍ഖൈമ: തടവില്‍ കഴിയുന്നവര്‍ക്ക് ശിക്ഷാ കാലയളവില്‍ റാക് ജയില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പദ്ധതിയെ പ്രകീര്‍ത്തിച്ച് യുനെസ്കോ. മേഖലാ തലത്തില്‍ തന്നെ മുന്‍നിര മാതൃകയായാണ് പദ്ധതിയെ യുനെസ്കോ വിശേഷിപ്പിക്കുന്നത്. യുനെസ്കോയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലൈഫ് ലോങ് ലേണിങില്‍ കേസ് സ്റ്റഡിയായി റാക് ജയില്‍ വകുപ്പിന്‍റെ വിദ്യാഭ്യാസ പദ്ധതി ഇടംപിടിച്ചിട്ടുണ്ട്.
2011ല്‍ ആരംഭിച്ച പദ്ധതി യുനെസ്കോയുടെ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേണിങ് സിറ്റീസ് അംഗമായ റാക് ജയില്‍ വകുപ്പിന്‍റെ പ്രത്യേക വിദ്യാഭ്യാസ പരിശ്രമങ്ങളുടെ ഭാഗമായാണ് പരിചയപ്പെടുത്തുന്നത്. ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഫൗണ്ടേഷന്‍ ഫോര്‍ പോളിസി റിസര്‍ച്ച് റാസല്‍ഖൈമ കണക്ഷനല്‍ ഫെസിലിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ സംരംഭം തടവുകാരുടെയും ഉദ്യോഗസഥരുടെയും വൈജ്ഞാനിക-മാനസിക-സാമൂഹിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമാണ്. റാക് ജയിലില്‍ 9000ലേറെ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ വായനശാല പദ്ധതിയുടെ ഭാഗമാണെന്നതും ശ്രദ്ധേയമാണ്.
വ്യക്തിഗത വായനക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ലൈബ്രറിയില്‍ സൗകര്യമുണ്ട്. കൗണ്‍സിലിങ്, തെറാപ്പി സെഷനുകള്‍ക്ക് പ്രത്യേക സ്ഥലവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വ്യക്തിത്വ വികസനത്തിനും സാമൂഹിക ഇടപെടലുകള്‍ക്കും സഹായിക്കുന്ന റീഡേഴ്സ് ക്ളബിന്‍റെ ആഭിമുഖ്യത്തില്‍ കലാ-സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കാറുണ്ട്. അറബിക്, ഇംഗ്ലീഷ് ഭാഷാ സാക്ഷരത മുതല്‍ ചെറുകിട സംരംഭങ്ങള്‍, ഓഫീസ് മാനേജ്മെന്‍റ്, ഐ.സി.ടി, കല, മാനസികാരോഗ്യം, ഫസ്റ്റ് എയ്ഡ്, ലൈഫ് സ്കില്‍സ് തുടങ്ങിയ വിഷയങ്ങളില്‍ തടവുകാര്‍ക്കായി പ്രത്യേകം കോഴ്സുകളും വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാണ്. കുറ്റകൃത്യങ്ങളിലകപ്പെട്ടവരെ ശിക്ഷാ കാലായളവ് കഴിയുന്നതോടെ പുതുജീവിതത്തിലേക്ക് വഴി നടത്തുന്ന സംരംഭമായാണ് യുനെസ്കോ പദ്ധതിയെ വിശേഷിപ്പിക്കുന്നത്.
തടവുകാരില്‍ 25 ശതമാനമാളുകള്‍ ജയില്‍ ലൈബ്രറിയുടെ ഗുണഭോക്താക്കളാണ്. ആയിരത്തിലേറെ തടവുകാര്‍ ഒരു വിദ്യാഭ്യാസ കോഴ്സിലെങ്കിലും പങ്കെടുത്തവരാണ്.
2022ലാണ് യുനെസ്കോയുടെ ഗ്ലോബല്‍ നെറ്റ്വര്‍ക്ക് ഓഫ് ലേണിങ് സിറ്റീസില്‍ റാസല്‍ഖൈമയും ചേരുന്നത്. ഏത് സാഹചര്യങ്ങളിലും സമൂഹത്തിലെ ഓരോ വ്യക്തിക്കും പഠിക്കാനും വളരാനുമുള്ള അവകാശമുണ്ടെന്ന് അല്‍ഖാസിമി ഫൗണ്ടേഷന്‍ എക്സി. ഡയറക്ടര്‍ ഡോ. നതാഷ റിഡ്ജ് അഭിപ്രായപ്പെട്ടു. ജയിലിലെ വിദ്യാഭ്യാസ പദ്ധതി വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിക്കുന്ന തടവുകാരെ ലക്ഷ്യബോധമുള്ളവരാക്കാന്‍ സഹായിക്കുന്നതാണെന്നും ഡോ. നതാഷ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

