Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസി പെൻഷൻ...

പ്രവാസി പെൻഷൻ വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രതിസന്ധിയിലായി നിരവധി കുടുംബങ്ങൾ

text_fields
bookmark_border
പ്രവാസി പെൻഷൻ വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രതിസന്ധിയിലായി നിരവധി കുടുംബങ്ങൾ
cancel

ദുബൈ: സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമനിധി ബോർഡ് വഴി നൽകി വരുന്ന പ്രവാസി പെൻഷൻ വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ മൂന്നുമാസമായി വിതരണം പാടെ മുടങ്ങിയിരിക്കുകയാണ്. തുക കൃത്യമായി ലഭിക്കാത്തത് വരുമാനമാർഗമില്ലാത്ത പല കുടുംബങ്ങളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

ക്ഷേമനിധി അംഗങ്ങളിൽ ഭൂരിഭാഗം പേരും വർഷങ്ങളോളം വിദേശത്ത് കഠിനാധ്വാനം ചെയ്ത് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ മടങ്ങിയെത്തിയവരാണ്. അസുഖബാധിതരും ജോലിക്കു പോകാൻ കഴിയാത്തവരുമായ വയോധികരാണ് ഇതിൽ ഏറെയും. തുച്ഛമായ പെൻഷൻ തുക മാസാമാസം മുടങ്ങുന്നത് മരുന്നിനും ഭക്ഷണത്തിനുമടക്കമുള്ള ദൈനംദിന കാര്യങ്ങൾക്ക് വക കണ്ടെത്താൻ കഴിയാതെ ഇവരെ പ്രയാസത്തിലാക്കുന്നുണ്ട്.വർഷങ്ങളായി വിഹിതം അടച്ച് പദ്ധതിയുടെ ഭാഗമായവരെയാണ് ഈ വിധത്തിൽ ബുദ്ധിമുട്ടിക്കുന്നത്.

ഒമ്പത് ലക്ഷത്തോളം അംഗങ്ങളുള്ള പ്രവാസി ക്ഷേമനിധി ബോർഡിൽ ഏകദേശം ഒരു ലക്ഷം ഗുണഭോക്താക്കൾ പെൻഷൻ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. വിദേശത്ത് ജോലി ചെയ്യുന്നവരും മടങ്ങിയെത്തിയവരും ക്ഷേമനിധിയിൽ അംഗത്വമെടുത്ത് നിശ്ചിത തുക മാസവരിസംഖ്യയായി അടച്ചാണ് ഈ പദ്ധതിയിൽ ചേരുന്നത്. 60 വയസ്സ് പൂർത്തിയായവർക്കാണ് പെൻഷൻ ലഭിക്കുക. നിലവിൽ 3,000 രൂപ മുതൽ 7,000 രൂപ വരെയാണ്​ പെൻഷൻ. പെൻഷൻ തുക ഉയർത്തണമെന്ന മുറവിളി നിലനിൽക്കെയാണ് വിതരണം നിലച്ചിരിക്കുന്നത്.

കേരളത്തിലെ ഭരണമാറ്റം പെൻഷൻ വിതരണത്തെ നേരിട്ട് ബാധിച്ചിട്ടുണ്ടെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും, നിലവിലെ ധനപ്രതിസന്ധിയും ട്രഷറി നിയന്ത്രണങ്ങളുമാണ് വിതരണം മുടങ്ങാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നോർക്കയാകട്ടെ, സർക്കാർ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറുകയുമാണ്. പെൻഷൻ മുടങ്ങിയതിനെക്കുറിച്ച് നോർക്ക അധികൃതരോടോ ബന്ധപ്പെട്ട വകുപ്പുകളോടോ അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ഗുണഭോക്താക്കൾ പരാതിപ്പെടുന്നു.

അതേസമയം, യു.ഡി.എഫ്​ സർക്കാർ അധികാരത്തിൽ വന്നതോടെ ചെയർമാൻ അടക്കം പ്രവാസി ക്ഷേമ ബോർഡ്​ ഭരണസമിതി രാജിവെച്ചെങ്കിലും പുതിയ ബോർഡ് നിലവിൽ വന്നിട്ടില്ല. ഇതും പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ട​പ്പെടുന്നു. കഴിഞ്ഞ സർക്കാരുകളുടെ കാലത്തും സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ ചെറിയ കാലതാമസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഗുണഭോക്താക്കൾ പറയുന്നു. നേരത്തെ എല്ലാ മാസാദ്യവും തുക ബാങ്കിൽ വന്നിരുന്നെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി മാസം പകുതിക്കു ശേഷമാണ്​ ലഭിച്ചു വരുന്നത്. എന്നാൽ, ഇത്രയും കൂടുതൽ കാലം പാടെ മുടങ്ങുന്നത് ഇതാദ്യമായാണ്.

സർക്കാർ ഗൗരവമായ ഇടപെടൽ നടത്തിയാൽ മാത്രമേ പദ്ധതി സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്നും, അത്തരമൊരു നീക്കം നിലവിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും പ്രവാസി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനും കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഗഫൂർ പി. ലില്ലീസ് ആരോപിച്ചു. കഴിഞ്ഞ ഏപ്രിൽ വരെ തുക വിതരണം ചെയ്താണ് അന്നത്തെ ബോർഡ് സ്ഥാനമൊഴിഞ്ഞത്. അനിശ്ചിതത്വം ഒഴിവാക്കി വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം ചൊവ്വാഴ്ച വിവിധ പ്രവാസി ക്ഷേമ ബോർഡ് ഓഫീസുകളിലേക്ക് ധർണ നടത്തുന്നുണ്ട്. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതിയിലുണ്ടായ കാലതാമസം വലിയ വീഴ്ചയാണെന്ന് വിവിധ ഇടത് - വലത് പ്രവാസി സംഘടനകൾ ഒരേ സ്വരത്തിൽ വിമർശിക്കുന്നു. വേതന വിതരണം മുടങ്ങിയതിലെ ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഇതിനകം കേരള ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributioncrisisgulfUAEexpatriate pensionUncertainty
News Summary - Uncertainty continues in expatriate pension distribution; many families in crisis
Next Story