അനധികൃത ഗ്യാസ് സിലിണ്ടർ വിൽപന: ഒമ്പതുപേർ അറസ്റ്റിൽ
text_fieldsദുബൈ പൊലീസ് പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകൾ
ദുബൈ: പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിൽ അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ വിൽപന നടത്തിയ ഒമ്പതുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 343 ഗ്യാസ് സിലിണ്ടറുകളും വിൽപന നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷ നിർദേശങ്ങൾ പാലിക്കാതെ അപകടകരമായ രീതിയിലാണ് ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചിരുന്നതും വിതരണം ചെയ്തിരുന്നതും. ഇത് വലിയ തീപിടിത്തത്തിനും ഭീകരമായ നാശനഷ്ടങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
സുരക്ഷ നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാതെ അനധികൃതമായി നടക്കുന്ന തെരുവുകച്ചവടക്കാരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം കണ്ടെത്തിയതെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ശംസി പറഞ്ഞു. സ്വൈരജീവിതത്തെ ബാധിക്കുന്ന ഇത്തരം നടപടികളെ പ്രതിരോധിക്കുകയും ഉയർന്ന പൊതുജന സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കൾ എന്ന നിലയിൽ നിശ്ചിത മാനദണ്ഡങ്ങളും നിലവാരവും പാലിച്ച് മാത്രമേ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കാനും വിതരണം ചെയ്യാനും ഉപയോഗിക്കാനും പാടുള്ളൂ. ലൈസൻസുള്ള സ്ഥാപനങ്ങളിൽനിന്ന് മാത്രം ഗ്യാസ് സിലിണ്ടറുകൾ വാങ്ങണമെന്നും നിവാസികളോട് അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

