ഉമ്മുൽഖുവൈൻ മറൈൻ ഫെസ്റ്റിന് ഇന്ന് തുടക്കം
text_fieldsഉമ്മുൽഖുവൈൻ മറൈൻ ഫെസ്റ്റിവലിന്റെ കവാടം
ഉമ്മുൽഖുവൈൻ: മത്സ്യബന്ധന വ്യവസായത്തെയും വിനോദസഞ്ചാര മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ നടക്കുന്ന മറൈൻ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് വ്യാഴാഴ്ച തുടക്കം. 12ന് സമാപിക്കും. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാശിദ് അൽ മുഅല്ലയുടെ രക്ഷാകർതൃത്വത്തിൽ നടത്തിവരുന്ന ഉമ്മുൽഖുവൈൻ ഫിഷർമാൻ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പാണ് മറൈൻ ഫെസ്റ്റിവൽ എന്ന് പുനർനാമകരണം ചെയ്ത് വിപുലമാക്കി നടത്താനൊരുങ്ങുന്നത്.
സന്ദർശകർക്ക് മത്സരങ്ങൾ വീക്ഷിക്കുന്നതോടൊപ്പം വിനോദോപാധികളിൽ ഏർപ്പെട്ട് സായാഹ്നങ്ങൾ ആനന്ദകരമാക്കാൻ വിവിധ പരിപാടികൾ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാനുള്ള പ്ലേ ഏരിയകളും വിശപ്പകറ്റാൻ ഫുഡ് കോർട്ടും സന്ദർശകർക്ക് കണ്ടൽക്കാടുകളുടെ സൗന്ദര്യം ആസ്വദിച്ച് ബോട്ടുസവാരിക്കുള്ള അവസരവും ഉണ്ടാകും.
മത്സ്യബന്ധന മേഖലയിലെ സാധന സാമഗ്രികളുടെ പ്രദർശനവും വിൽപനയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് മുതൽമുടക്കി വ്യവസായങ്ങൾ തുടങ്ങാൻ അനുകൂല സാഹചര്യങ്ങളൊരുക്കലും മേളയുടെ ലക്ഷ്യങ്ങളിൽ പ്രധാനമാണ്. വ്യവസായികാടിസ്ഥാനത്തിലല്ലാതെ വിനോദസഞ്ചാര മേഖലയിലും മീൻപിടിത്തം മുഖ്യ ആകർഷണമായതിനാൽ ജലാശയങ്ങൾ കൂടുതലുള്ള ഉമ്മുൽ ഖുവൈനിലെ ഭൂമിശാസ്ത്ര പ്രത്യേകത സഞ്ചാരികൾക്ക് അടുത്തറിയാനും മേള അവസരമൊരുക്കുന്നു. വ്യാഴാഴ്ച ഉച്ചക്കുശേഷം മത്സരങ്ങളുടെ രജിസ്ട്രേഷൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

