യുക്രെയ്ൻ: യു.എൻ പ്രമേയത്തിന് അനുകൂലമായി യു.എ.ഇ വോട്ട് ചെയ്തു
text_fieldsദുബൈ: യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി യു.എ.ഇ വോട്ട് ചെയ്തു. നയതന്ത്ര ഇടപെടലിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന് യു.എ.ഇ പ്രതിനിധി ആവശ്യപ്പെട്ടു. രാഷ്ട്രീയകാര്യ സഹമന്ത്രിയും ഐക്യരാഷ്ട്രസഭയിലെ യു.എ.ഇയുടെ സ്ഥിരാംഗവും യു.എ.ഇ അംബാസഡറുമായ ലന നുസൈബയാണ് യു.എൻ ജനറൽ അസംബ്ലിയുടെ അടിയന്തര സെഷനിൽ ഇക്കാര്യം അറിയിച്ചത്.
സമാധാനത്തിനായി ശ്രമിക്കുന്ന അംഗരാജ്യങ്ങൾക്കൊപ്പം ഞങ്ങളും ചേരുന്നു. ഐക്യരാഷ്ട്ര സഭയുടെ പരമാധികാരവും സ്വാതന്ത്ര്യവും സമഗ്രതയും ഉറപ്പാക്കി എല്ലാവരുമായും ചേർന്ന് സമാധാനം നിലനിർത്താനുള്ള ശ്രമത്തിൽ പങ്കാളികളാകുന്നു. ചർച്ചകൾക്കുള്ള വഴികൾ മുമ്പത്തേക്കാൾ പ്രാധാന്യത്തോടെ തുറന്നിടണം. അതിനായി ഒരുമിച്ചുനിൽക്കുകയും ചെയ്യണം. ജനങ്ങളുടെ സുരക്ഷക്കാണ് മുഖ്യപ്രാധാന്യം. സംഘർഷം അവസാനിപ്പിക്കാൻ ക്രിയാത്മകമായി ഇടപെടേണ്ട സമയമാണിത്. നമ്മുടെ അനുഭവങ്ങളുടെ പരിചയസമ്പത്ത് ഇതിനായി ഉപയോഗിക്കണം. ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത അതിന്‍റെ ആഗോള പ്രാതിനിധ്യത്തിലും സമൂഹക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയിലും അധിഷ്ഠിതമാണ്. ഈ നയം തുല്യമായി പ്രയോഗിക്കണം. യുക്രെയ്നിലെ മനുഷ്യരുടെ അവസ്ഥയിൽ അഗാധമായ ഉത്കണ്ഠയുണ്ട്. ഇവരുടെ അവസ്ഥ കൂടുതൽ വഷളാകുന്നത് തടയാൻ എല്ലാ ശ്രമങ്ങളുമുണ്ടാകണം. ഇതിനായി എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗപ്പെടുത്തണം. ഇത് അന്താരാഷ്ട്ര സമൂഹത്തിന്‍റെ കൂട്ടുത്തരവാദിത്തമാണ്. ശത്രുതക്ക് അറുതിവരുത്താനുള്ള യു.എൻ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ലന നുസൈബ പറഞ്ഞു.
കഴിഞ്ഞദിവസം യുക്രെയ്ന് 50 ലക്ഷം ഡോളർ സഹായം യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.
യുക്രെയ്നിൽ സഹായമെത്തിക്കാൻ ഐക്യരാഷ്ട്രസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇയും സഹായമെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

