യുക്രൈൻ-റഷ്യ യുദ്ധം; അബൂദബിയിൽ ത്രികക്ഷി ചർച്ച പൂർത്തിയായി
text_fieldsഅബൂദബിയിൽ ചർച്ചകൾക്കായി എത്തിച്ചേർന്ന യുക്രൈൻ, റഷ്യ, യു.എസ് പ്രതിനിധികൾ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുന്നു
അബൂദബി: യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക യോഗം അബൂദബിയിൽ പൂർത്തിയായി. യുക്രൈൻ-റഷ്യ-യു.എസ് പ്രതിനിധികൾ പങ്കെടുത്ത ചർച്ച വളരെ പ്രതീക്ഷ നൽകുന്നതാണെന്നും കൂടുതൽ ചർച്ചകൾ അടുത്ത ആഴ്ച നടക്കുമെന്നും യുക്രൈയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി ചർച്ചകൾക്ക് ശേഷം എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുകയും കൂടുതൽ ചർച്ചകൾക്ക് സന്നദ്ധത വ്യക്തമാക്കുകയും ചെയ്ത യു.എ.ഇക്കും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും നന്ദിയറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.
മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ വെള്ളിയാഴ്ചയാണ് അബൂദബിയിലെത്തി ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ചർച്ചകളിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘാഗങ്ങളുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചകൾ വിജയകരമാകാനും വർഷങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിന് സഹായിക്കുന്നതുമാകട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചകൾക്ക് ശേഷം ശനിയാഴ്ചയും ചർച്ചകൾ പൂർത്തിയാക്കിയാണ് സംഘം ചർച്ചകൾ അവസാനിപ്പിച്ചിരിക്കുന്നത്.
ആദ്യദിനത്തിൽ ചർച്ചകൾ വളരെ ഗുണപ്രദമായിരിന്നുവെന്ന് വെറ്റ് ഹൗസ് വൃത്തങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. യു.എസ് പ്രസിഡന്‍റിന്‍റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരദ് കുഷ്നർ, റഷ്യൻ സായുധ സേനയുടെ ജനറൽ സ്റ്റാഫിന്റെ മെയിൻ ഡയറക്ടറേറ്റ് മേധാവി ഇഗോർ കോസ്റ്റ്യുക്കോവ്, യുക്രൈൻ പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് കൈറിലോ ബുഡനോവ്, യുക്രൈനിലെ ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറി റസ്റ്റം യുമെറോവ്, റഷ്യയിൽ നിന്നും യുക്രൈയിൽ നിന്നുമുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
നേരത്തെ റഷ്യ, യുക്രൈൻ, യു.എസ് നേതാക്കൾ ചേർന്ന് അബൂദബിയിൽ നടത്തിയ ചർച്ചയെ യു.എ.ഇ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തിരുന്നു. നാല് വർഷത്തോളമായി തുടരുന്ന മാനുഷിക സംഘർഷങ്ങളും പ്രതിസന്ധികളും അവസാനിപ്പിക്കുന്നതിനുള്ള വ്യക്തമായ നടപടികൾക്ക് ത്രിരാഷ്ട്ര ചർച്ചകൾ സഹായകമാവുമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

