യു.കെ,യൂറോപ്യൻ യൂണിയൻ വിസയുള്ള ഇന്ത്യക്കാർക്ക് ഒാൺഅറൈവൽ വിസ കൂടുതൽ വേഗത്തിൽ
text_fieldsദുബൈ: യു.എ.ഇ സന്ദർശനത്തിനെത്തുന്ന യു.കെ/യൂറോപ്യൻ യൂണിയൻ റസിഡൻറ് വിസയുള്ള ഇന്ത്യ ക്കാരുടെ വിസ നടപടികൾ കൂടുതൽ സുഗമമാക്കാൻ ദുബൈയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടു ത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസയാണ് അനുവദിക്കുന്നത്. താമസ വിസക്ക് ചുരുങ്ങിയത് 6 മാസം കാലാവധി വേണമെന്നു മാത്രം. ആദ്യഘട്ടത്തിൽ 14 ദിവസത്തെ വിസയാണ് അനുവദിക്കുക.അതിന് 100 ദിർഹം പ്രവേശന- അനുമതി ഫീസും, 20 ദിർഹം സേവന ഫീസും നൽകണം. ഓൺ അറൈവൽ വിസ കൂടുതൽ ദിവസത്തേക്ക് ദീർഘിപ്പിക്കാനും അവസരമുണ്ട്.
ആകെ 28 ദിവസത്തേക്ക് പുതുക്കുന്ന വിസക്ക് 250 ദിർഹമാണ് ഫീസായി നൽകേണ്ടത്. ഒപ്പം 20 ദിർഹം സർവ്വീസ് ചാർജും നൽകണം.എയർപോർട്ടിൽ എത്തുന്ന യാത്രക്കാർ അവിടെയുള്ള മർഹബാ സർവ്വീസ് ഡെസ്കിലാണ് ഫീസ് അടക്കേണ്ടത് കഴിഞ്ഞ വർഷം മുതലാണ് ഈ രാജ്യങ്ങളിൽ വിസയുള്ള ഇന്ത്യക്കാർക്ക് രാജ്യത്ത് ഒാൺഅറൈവൽ വിസ അനുവദിച്ചു തുടങ്ങിയത്. എന്നാൽ 2017 മേയ് ഒന്ന് മുതൽ അമേരിക്കൻ വിസയോ, ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പൗരമാർക്ക് യു.എ.ഇ യിൽ ഓൺ അറൈവൽ വിസ സംവിധാനം നിലവിലുണ്ട്. ഇത്തരത്തിലുള്ള സഞ്ചാരികളുടെ രാജ്യത്തെ അധിക താമസത്തിന് ഓരോ ദിവസത്തിന് 100 ദിർഹമാണ് പിഴ. ഒപ്പം ഡിപ്പാർച്ചർ സമയത്ത് 200 ദിർഹമും അധികം നൽകണമെന്ന് അധികൃതർ അറിയിച്ചു.
