ഇത്തിരി സ്ഥലത്ത് ഒത്തിരി വിളവെടുത്ത് ഉബൈദ് അലി അല്‍ ഷംസി
text_fieldsഅജ്മാന്‍: അജ്മാന്‍ നഗരസഭ ഉദ്യോഗസ്ഥനായ ഉബൈദ് അലി അല്‍ ഷംസിയുടെ വീട്ടിലേക്ക് കടന്ന് ചെല്ലുമ്പോള്‍ ഇടത് വശത്ത് വിശാലമായ മജ്‌ലിസ് കാണാം വലത് വശത്ത് മജ്‌ലിസിന്‍റെ പകുതിയോളം വരുന്ന ഗ്രീന്‍ ഹൗസും. പൊളി കാര്‍ബണ്‍ കൊണ്ട് നിര്‍മ്മിച്ച ഈ ചെറിയ ഗ്രീന്‍ ഹൗസില്‍ വിളയുന്നത് നിരവധി കായ് ഫലങ്ങള്‍. ഹൈഡോഫോനിക്സ്, എയറോ ഫോനിക്സ് എന്നീ കൃഷി രീതികളാണ് പരീക്ഷിച്ച് വിജയം കണ്ടിരിക്കുന്നത്. ഗ്രീന്‍ ഹൗസിനു പുറത്ത് പതിവ് ജൈവ കൃഷിയും പരീക്ഷിച്ചിട്ടുണ്ട് ഇദേഹം. ശീതീകരിച്ച ഗ്രീന്‍ ഹൌസിനുള്ളില്‍ അന്‍പതോളം ഇനം തക്കാളി, അത്തി, പാഷന്‍ ഫ്രൂട്ട്, പേരക്ക, ചോളം, വിവിധയിനം മുളക്, മാതളം, സ്റ്റോബറി, പുതിയിന, കുങ്കുമം, മാവ്, സപ്പോട്ട, ബെറി, കറ്റാര്‍ വാഴ, തുലിപ്, പ്രത്യേക തരം നാരങ്ങ മരം എന്നിവയെല്ലാമുണ്ട്. കീടനാശിനി തീരെ ഉപയോഗിക്കാതെ വളര്‍ത്തുന്ന വിളവുകളുടെ തനതായ രുചിയും മണവും ആരെയും അതിശയിപ്പിക്കും.
മറ്റു കൃഷി രീതികളെ തട്ടിച്ച് നോക്കുമ്പോള്‍ ഹൈഡ്രോ ഫോണിക്സ് കൃഷിക്ക് പത്ത് ശതമാനം ജലം മാത്രമേ ആവശ്യം വരുന്നുള്ളൂ എന്ന് ഉബൈദ് പറയുന്നു. മണ്ണില്ലാതെ ജലത്തില്‍ സസ്യങ്ങളെ വളര്‍ത്തുന്ന രീതിയാണു ഹൈഡ്രോ ഫോണിക്സ് എന്നുപറയുന്നത്. ആവശ്യമായ പോഷകമൂലകങ്ങള്‍ ജലത്തില്‍ കലര്‍ത്തുന്ന രീതിയാണിത് . ഇതിനാവശ്യമായ പോഷക മൂല്യങ്ങള്‍ ഉബൈദ് സ്വന്തമായി നിര്‍മ്മിക്കുന്നതാണ് . തുല്യമായ അളവില്‍ ചേര്‍ക്കുന്നതിനു ആവശ്യമായ യന്ത്രവും സ്വന്തമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഗവേഷണത്തിലൂടെ മുരിങ്ങയില്‍ നിന്ന് ഫലപ്രദമായ ജൈവ വളവും നിര്‍മ്മിച്ചെടുത്തിട്ടുണ്ട്.
മുരിങ്ങ ധാരാളമായി വളരുന്ന കേരളത്തില്‍ ഇതിനു നല്ല സാധ്യതയുണ്ടെന്ന് ഇദ്ദേഹം വിവരിക്കുന്നു. കീട ശല്ല്യത്തിനു ആര്യ വേപ്പിന്‍ എണ്ണ ഉപയോഗിക്കാറുണ്ട്. ഫലങ്ങളുടെ അമിത വളര്‍ച്ചക്ക് ഒലിവെണ്ണ ഉപകരിക്കുമെങ്കിലും ഉപയോഗിക്കാറില്ല. വളരെ കുറഞ്ഞ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ പച്ചപ്പ് നിലനിര്‍ത്താന്‍ ഉപകരിക്കുന്ന മരമാണ് ഖാഫ്. അറേബിയന്‍ മരുഭൂമിയില്‍ ഇത് സമൃദ്ധമാണ്. ഖാഫ് മരക്കൊമ്പ് ഹൈഡ്രോ ഫോണിക്സ് കൃഷിയിലൂടെ വളര്‍ത്തിയെടുക്കുന്ന മാതൃക ലോകത്ത് തന്നെ ആദ്യത്തേതാണ് തന്‍റെ ഗ്രീന്‍ ഹൗസിലെന്ന് ഉബൈദ് അവകാശപ്പെടുന്നു. തുലിപ്, ഈന്തപ്പന എന്നിവ ഹൈഡ്രോ ഫോണിക്സില്‍ വളര്‍ത്താനുള്ള പരീക്ഷണം പാതിവഴിയിലാണ്. മഞ്ഞ നിറത്തിലുള്ള വഴുതന ഈ കൃഷിയിടത്തിലെ
മറ്റൊരു ആകര്‍ഷണീയതയാണ്.
എയറോ ഫോണിക്സിലെ നിരവധി പരീക്ഷണങ്ങളും ഇവിടെ ദൃശ്യമാണ്. ഓക്സിജനും വെള്ളവും ക്രമത്തിനനുസരിച്ച് ചെടിയിലേക്ക് വിതരണം ചെയ്യാനുള്ള യന്ത്രവും സ്വന്തമായി ഇദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എയറോ ഫോണിക്സ് കൃഷിയില്‍ വേരുകള്‍ കൂടുതല്‍ വളരാന്‍ പാത്രത്തിനു പുറത്ത് കറുത്ത ഷീറ്റ് കൊണ്ട് പൊതിയുന്ന രീതിയും ഇവിടെ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ പെയിന്‍റ് ബക്കറ്റ്, പ്ലാസ്റ്റിക് ഗ്ലാസ് എന്നിവയാണ് ചെടികള്‍ വളര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്ന ചിലവ് കുറഞ്ഞ രീതികള്‍. രാവിലെ ജോലിക്ക് പോകുന്നതിനു മുന്‍പും തിരികെ വന്നതിനു ശേഷവും തന്‍റെ വിളവുകളെ പരിചരിക്കലാണ് ഉബൈദിെൻറ പ്രധാന നേരംപോക്ക്. കൃഷി സഹായത്തിനു വീട്ടിലെ മറ്റുള്ളവരെ പോലുംകൂട്ടാറില്ല. പല കര്‍ഷകരും ഉപദേശം തേടി ഇവിടെ എത്താറുണ്ട്. കാർഷിക പ്രോജക്ടുകൾ ചെയ്തു കൊടുക്കാറുമുണ്ട്. അമേരിക്ക, യുറോപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ശേഖരിച്ചവയാണ് ഗ്രീൻഹൗസിലെ പല വിഭവങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
