ഈത്തപ്പഴ ചന്തകള്‍ സജീവമായി
text_fieldsഷാര്‍ജ: റമദാന്‍ അരികിലെത്തിയതോടെ യു.എ.ഇയിലെ ഈത്തപ്പഴ ചന്തകള്‍ സജീവമായി. ഷാര്‍ജ, ദുബൈ, അബുദബി, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് ഈത്തപ്പഴ ചന്തകളുള്ളത്. വിളവെടുപ്പ് കാലത്തും അല്ലാത്ത സമയത്തും ഇവിടെ ഈത്തപ്പഴം യഥേഷ്ടം ലഭിക്കും. എന്നാല്‍ റമദാനില്‍ പ്രത്യേകമായി എത്തുന്ന ഈത്തപ്പഴങ്ങളാണ് ചന്തകളുടെ ചന്തം കൂട്ടുന്നത്. അജ് വ, റുത്താബ് തുടങ്ങിയ മുന്തിയ ഇനങ്ങള്‍ തേടി റമദാനില്‍ ഏറെ ആവശ്യക്കാരത്തെും. ഫുജൈറയിലെ ഫ്രൈഡേ മാര്‍ക്കറ്റ്, റാസല്‍ഖൈമയുടെ മസാഫി, ഷാര്‍ജയുടെ ദൈദ് എന്നിവിടങ്ങളില്‍ റമദാന്‍ പ്രമാണിച്ച് പ്രത്യേക ചന്തകളും പ്രവര്‍ത്തിക്കും. യു.എ.ഇ തോട്ടങ്ങളില്‍ വിളവെടുപ്പ് ആയിട്ടില്ല. എന്നാല്‍ ഒമാനില്‍ വിളപ്പെടുപ്പ് തുടങ്ങിയിട്ടുണ്ട്.
ഇവിടെ നിന്നാണ് റുത്താബ് എത്തുന്നത്. കമ്പോളങ്ങള്‍ക്ക് പുറമെ ഒമാനികള്‍ വാഹനങ്ങളില്‍ കൊണ്ട് വന്ന് നിരത്ത് വക്കുകളില്‍ വെച്ചുള്ള വില്‍പ്പനയും നടത്താറുണ്ട്. ഈത്തപ്പഴത്തിനൊപ്പം മറ്റ് പഴവര്‍ഗങ്ങളും കാണും. ഷാര്‍ജയിലെ ജുബൈല്‍ ജനറല്‍ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഈത്തപ്പഴ വിളവെടുപ്പ് ആഘോഷങ്ങള്‍ നടക്കാറുണ്ട്. പരമ്പരാഗത രീതിയില്‍ കൂടാരങ്ങള്‍ ഒരുക്കിയാണ് ഇത് നടത്താറുള്ളത്. ആധുനിക സംവിധാനത്തില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ഇതില്‍ ചില്ലറ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.
റമദാന്‍ കാലത്ത് ഇഫ്താര്‍ ആവശ്യങ്ങള്‍ക്ക് ടണ്‍ കണക്കിന് ഈത്തപ്പഴമാണ് ആവശ്യമായിട്ടുള്ളത്. മുന്‍വര്‍ഷത്തെ പഴങ്ങള്‍ റമദാനിലേക്കായി കാത്ത് വെക്കുന്ന സ്വദേശികള്‍ നിരവധിയാണ്. വന്‍തുക മുടക്കി ഈത്തപ്പഴ കൃഷിചെയ്യുന്നവര്‍ അവ ദാനമായി നല്‍കുന്ന പതിവും റമദാനിലുണ്ട്. കഷ്ടത അനുഭവിക്കുന്ന സമൂഹങ്ങൾക്കായി യു.എ.ഇയില്‍ നിന്ന് ടണ്‍ കണക്കിന് ഈത്തപ്പഴമാണ് റമദാനില്‍ കയറ്റി അയക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
