ഗസ്സയിലെ വെടിനിർത്തൽ സ്വാഗതം ചെയ്ത് യു.എ.ഇ; ഖത്തർ, ഈജിപ്ത്, യു.എസ് രാജ്യങ്ങൾക്ക് അഭിനന്ദനം
text_fieldsദുബൈ: ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് ഇസ്രയേലും ഹമാസും അംഗീകാരം നൽകിയത് സ്വാഗതം ചെയ്ത് യു.എ.ഇ വിദേശകാര്യ മന്ത്രാലയം. തടവുകാരെ കൈമാറാനും മാനുഷിക സഹായം എത്തിക്കാനും നാലു ദിവസത്തെ താൽകാലിക വെടിനിർത്തലിനും തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പ്രസ്താവന.
താൽകാലിക വെടിനിർത്തൽ സ്ഥിരം വെടിനിർത്തലിലേക്ക് നയിക്കുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു. വെടിനിർത്തൽ കരാറിനായി ഖത്തർ, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങൾ നടത്തിയ പരിശ്രമത്തെ അഭിനന്ദിക്കുന്ന പ്രസ്താവനയിൽ നിലവിലെ കരാർ തടസമില്ലാതെ ജീവകാരുണ്യ വസ്തുക്കൾ എത്തിക്കാൻ അവസരമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് ദ്വിരാഷ്ട്ര പരിഹാരം കണ്ടെത്തുന്നതിന് ചർച്ചകളിലേക്ക് മടങ്ങണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും ഇരട്ടിയാക്കുന്നതിന് യു.എൻ, റെഡ് ക്രോസ് എന്നിവയുമായി ചേർന്ന് രാജ്യം പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേർന്ന ബ്രിക്സ് രാജ്യങ്ങളുടെ യോഗത്തിലും രാജ്യത്തിന്റെ നിലപാട് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വ്യക്തമാക്കിയിരുന്നു. അതിനിടെ, ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതും പരിക്കേറ്റവരെ ചികിത്സിക്കുന്നതുമടക്കം വിവിധ പദ്ധതികൾ യു.എ.ഇ നടപ്പാക്കിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

