ചെറുതുള്ളികൾ ചേർത്ത് സ്നേഹക്കടൽ തീർത്ത് കെ.ജി.എസ് കുഞ്ഞുങ്ങൾ
text_fieldsദുബൈ: Little deeds of kindness, little words of love, Make our Earth an Eden, Like the Heaven above എന്ന ചെറുപദ്യം പാടാനും പഠിക്കാനും മാത്രമല്ല, ജീവിതത്തിൽ പാലിക്കാനുള്ളതാണെന്ന് സമൂഹത്തിന് കാണിച്ചു െകാടുത്തിരിക്കുകയാണ് ദുബൈയിലെ ഒരു ചെറുപള്ളിക്കൂടം.
ജെംസ് ഗ്രൂപ്പിനു കീഴിലുള്ള ദ കിൻറർ ഗാർട്ടൻ സ്റ്റാർേട്ടഴ്സ് സ്കൂളിലെ കുഞ്ഞുങ്ങൾ പ്രളയ ദുരിതത്തിൽ വിഷമിക്കുന്ന കേരളത്തിെൻറ വേദന അകറ്റാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയോടെ സ്വരൂപിച്ചു നൽകിയത് മൂന്ന് ടൺ ആശ്വാസ സാമഗ്രികളാണ്. ഇന്നലെ രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ ദുബൈ റെഡ്ക്രസൻറ് മേധാവി മുഹമ്മദ് അബ്ദുല്ല അൽഹാജ് അൽ സറൂനി ഇവ ഏറ്റുവാങ്ങി. വിഷമിക്കുന്ന മനുഷ്യർക്ക് ആശ്വാസം പകർന്നു നൽകാൻ കഴിഞ്ഞതിെൻറ വലിയ സന്തോഷത്താൽ തിളങ്ങി നിൽക്കുകയായിരുന്നു ഒാരോ കുഞ്ഞു മുഖങ്ങളും.
അഞ്ചും ആറും വയസുള്ള കുഞ്ഞുങ്ങൾ പ്രളയം വരുത്തിവെച്ച പ്രയാസങ്ങളെക്കുറിച്ച് ടി.വിയിൽ കണ്ടും കേട്ടുമാണ് അറിഞ്ഞത്. ചിലരുടെ ബന്ധുക്കളും കൂട്ടുകാരും പ്രളയ ദുരിതത്തിൽ പെട്ടുപോവുകയും ചെയ്തിരുന്നു. സഹായം ചോദിച്ച് നിലവിളിക്കുന്ന മുത്തശ്ശിമാരുടെയും കുഞ്ഞുങ്ങളുടെയും മറ്റും കാര്യങ്ങൾ അറിഞ്ഞ് കരഞ്ഞു പോയിരുന്നു ഇവരിൽ പലരും. കുറച്ചു പേർക്കെങ്കിലും സഹായം എത്തിക്കാൻ തങ്ങൾക്കു കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കുട്ടികൾ പറഞ്ഞു. പെരുന്നാളിനും ഒാണത്തിനും കിട്ടിയ സമ്മാന പൈസ മുഴുവനായും മിക്ക വിദ്യാർഥികളും ദുരിതാശ്വാസത്തിനായി നൽകിയിട്ടുണ്ട്.
ഇൗദ് അവധിക്കാലമായിരുന്നതിനാൽ സ്കൂൾ പ്രിൻസിപ്പൽ ആശ അലക്സാണ്ടർ ഒാൺലൈൻ മുഖേന അധ്യാപകർക്കും രക്ഷിതാക്കൾക്കും സഹായത്തിനു സജ്ജമാകുവാൻ നിർദേശം നൽകുകയായിരുന്നു. അപ്രകാരം സ്വരൂപിച്ച തുക ഉപയോഗിച്ച് പുതപ്പുകൾ, വസ്ത്രങ്ങൾ, പോഷകാഹാരങ്ങൾ തുടങ്ങി അടിയന്തിര ദുരിതാശ്വാസ വസ്തുക്കൾ യു.എ.ഇ എക്സ്ചേഞ്ചു മുഖേന ആദ്യഘട്ടമായി എത്തിച്ചു നൽകിയിരുന്നു. അവധിക്കാലത്ത് നാട്ടിലുണ്ടായിരുന്ന കുഞ്ഞുങ്ങളിൽ പലരും ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനും രക്ഷിതാക്കൾക്കൊപ്പം വീടുകൾ വൃത്തിയാക്കാനും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
