യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ മികച്ച നേട്ടം കൈവരിച്ച് യു.എ.ഇ.യു
text_fieldsഅബൂദബി: ദി ഏഷ്യ യൂനിവേഴ്സിറ്റി റാങ്കിങ് 2026ല്‍ മികച്ച നേട്ടം കൈവരിച്ച് യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് യൂനിവേഴ്‌സിറ്റി (യു.എ.ഇ.യു). യു.എ.ഇയില്‍ ഒന്നാം സ്ഥാനവും ജി.സി.സിയില്‍ മൂന്നാം സ്ഥാനവും ഏഷ്യയില്‍ 55ാം സ്ഥാനവുമാണ് പട്ടികയില്‍ യു.എ.ഇയു കൈവരിച്ചത്.
ഉന്നത വിദ്യാഭ്യാസ, ഗവേഷണ, നവീനതകളുടെ ഭാവിയിലേക്ക് സംഭാവന നല്‍കുന്ന ദേശീയ സ്ഥാപനങ്ങളില്‍ യൂനിവേഴ്‌സിറ്റിയുടെ ശക്തമായ പദവിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. അധ്യാപനം, ഗവേഷണ പരിതസ്ഥിതി, ഗവേഷണ നിലവാരം, അന്താരാഷ്ട്ര വീക്ഷണഗതി, വ്യവസായം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 18 മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് 2026 ദി ഏഷ്യ യൂനിവേഴ്സിറ്റി റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.
യു.എ.ഇയിലെ ആദ്യത്തെ സമഗ്ര ദേശീയ സര്‍വകലാശാലയായി യു.എ.ഇ.യു സ്ഥാപിതമായതുമുതലുള്ള ദീര്‍ഘകാല യാത്രയുടെ ഫലമാണ് ഈ നേട്ടം എന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റ സാംസ്‌കാരിക ഉപദേഷ്ടാവും യൂനിവേഴ്‌സിറ്റി ചാന്‍സലറുമായ സാക്കി അന്‍വര്‍ നുസൈബ പറഞ്ഞു. മനുഷ്യ മൂലധനം രൂപപ്പെടുത്തുന്നതിനും അറിവ് വികസിപ്പിക്കുന്നതിനുമുള്ള യൂനിവേഴ്‌സിറ്റിയുടെ ലക്ഷ്യവും അവർ എടുത്തുപറഞ്ഞു.
യൂനിവേഴ്‌സിറ്റി സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ഈ വേളയില്‍, നേട്ടങ്ങളുടെ സമ്പന്നമായ ഒരു പൈതൃകത്തെക്കുറിച്ച് ചിന്തിക്കുകയും കൂടുതല്‍ സ്വാധീനം ചെലുത്തുന്നതും വഴികാട്ടികളാകുന്നതുമായ ഒരു ഭാവിക്കായി ഉറ്റുനോക്കുകയുമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അവിടെ സര്‍വകലാശാല അറിവിന്‍റെയും ബുദ്ധിയുടെയും ദീപസ്തംഭമായും ദേശീയമായും ആഗോളതലത്തിലും സുസ്ഥിര വികസനത്തില്‍ സജീവ പങ്കാളിയായും പ്രവര്‍ത്തിക്കുന്നുവെന്നും അവർ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

