യു.എ.ഇയിൽ ഉച്ച വിശ്രമം നിയമം ജൂൺ 15 മുതൽ
text_fieldsദുബൈ: കടുത്ത വേനൽച്ചൂടിനെ നേരിടുന്നതിനായി യു.എ.ഇയിൽ പുറംജോലിക്കാർക്കുള്ള ഉച്ചസമയത്തെ വിശ്രമം ജൂൺ 15ന് ആരംഭിക്കുമെന്ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 15 വരെ ഇത് നീണ്ടുനിൽക്കും. നിയമപ്രകാരം, ഉച്ച 12.30 മുതൽ വൈകുന്നേരം 3.00 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ പുറംവേല ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
തുടർച്ചയായ 22-ാം വർഷമാണ് യു.എ.ഇ ഈ നിയമം നടപ്പാക്കുന്നത്. വേനൽക്കാലത്ത് തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനുമാണിത്.
നിയമപ്രകാരം, ഉച്ചവിശ്രമ വേളയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാൻ തണലുള്ള സൗകര്യങ്ങൾ ഒരുക്കാൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഫാനുകൾ പോലുള്ള കൂളിങ് സംവിധാനങ്ങൾ, ആവശ്യത്തിന് കുടിവെള്ളം, ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള മറ്റ് സാധനങ്ങൾ എന്നിവയും കമ്പനികൾ നൽകണം.
സാങ്കേതിക കാരണങ്ങളാൽ നിർത്തിവെക്കാൻ സാധിക്കാത്ത ചില ജോലികളെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ ഉൾപ്പെടെ ഉച്ചവിശ്രമ സമയത്തിന് ശേഷത്തേക്ക് മാറ്റിവെക്കാൻ കഴിയാത്ത ജോലികളാണ് ഇതിൽ ഉൾപ്പെടുന്നത്.
നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ജോലിയിൽ ഏർപ്പെടുന്ന ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം പിഴ ചുമത്തും. ഒന്നിലധികം തൊഴിലാളികൾ ഉൾപ്പെടുന്ന നിയമലംഘനങ്ങൾക്ക് പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

