യു.എ.ഇയുടെ എണ്ണയിതര വിദേശവ്യാപാരം 1.7 ലക്ഷം കോടി കടന്നു; ആറു മാസത്തെ കണക്കുകൾ പുറത്തുവിട്ട് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
text_fieldsദുബൈ: നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ യു.എ.ഇയിലെ എണ്ണയിതര വിദേശ വ്യാപാരം 1.7 ലക്ഷം കോടി ദിർഹം കടന്നു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് എക്സിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനമാനം വർധനവാണ് രാജ്യം നേടിയത്. 2021ന്‍റെ ആദ്യ പകുതിയിൽ കൈവരിച്ചതിനേക്കാൾ ഇരട്ടി നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. 2022ന്‍റെയും 2023ന്‍റെയും ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ യഥാക്രമം 59.5 ശതമാനത്തിന്‍റെയും 37.8 ശതമാനത്തിന്‍റെയും വളർച്ച രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നേതൃത്വത്തിന് കീഴിൽ ലോകത്തെ പ്രധാന വ്യാപാര രാഷ്ട്രമായി മാറാനുള്ള പാതയിൽ രാജ്യം മുന്നേറുകയാണ്. ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ വിശ്വസനീയമായ വ്യാപാര പങ്കാളിയും ലോകമെമ്പാടുമുള്ള വ്യാപാര ഇടപാടുകൾ സുഗമമാക്കുന്നതിനുള്ള ഒരു കവാടവുമാണ് യു.എ.ഇ. ലോകമെമ്പാടും വ്യാപാര പങ്കാളികളുടെ ശൃംഖല വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് 2021 സെപ്റ്റംബറിൽ സമഗ്ര സാമ്പത്തിക സഹകരണ കരാ (സെപ)റിൽ യു.എ.ഇ വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ചിരുന്നു. എണ്ണയിതര ഇതര വ്യാപാര രംഗത്തെ കുതിച്ചു ചാട്ടത്തിന് ഈ കരാർ സഹായകമായി. സെപ കരാറിന് കീഴിൽ ഇതുവരെ 28 കരാറികളിലാണ് യു.എ.ഇ ഒപ്പുവെച്ചത്. ഇതിൽ 10 കരാറുകൾ യാഥാർഥ്യമായി. ഇതു വഴി 300 കോടി വരുന്ന ഉപഭോക്താക്കളുള്ള വിപണിയിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാൻ യു.എ.ഇക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകെ എണ്ണയിതര വിദേശവ്യാപാരത്തിൽ എണ്ണയിതര കയറ്റുമതിയുടെ സംഭാവന 21.4 ശതമാനമാണ്. രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 18.4 ശതമാനം ആയിരുന്നു. 2025 ജനുവരി മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ യു.എ.ഇയുടെ എണ്ണയിതര വിദേശ വ്യാപാരത്തിൽ തുടർന്നയായി കുതിപ്പ് പ്രകടമാണ്. ഈ വർഷം ആദ്യ പകുതിയിൽ എണ്ണയിതര കയറ്റുമതി 369.5 ശതകോടി ദിർഹമിലെത്തിയിട്ടുണ്ട്. 44.7 ശതമാനത്തിന് മുകളിലാണ് ഈ രംഗത്തെ വളർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

