റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കാൻ യു.എ.ഇയുടെ വൻ പദ്ധതി
text_fieldsദുബൈ: അത്യാധുനിക റഡാർ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നതിന് വൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. ബഹിരാകാശ രംഗത്തെ മുന്നേറ്റങ്ങൾക്ക് 300 കോടി ദിർഹമിന്‍റെ ഫണ്ട് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി വെളിപ്പെടുത്തിയത്.
ഫണ്ടിന്‍റെ ആദ്യ നിക്ഷേപമെന്ന നിലയിലാണ് പക്ഷിക്കൂട്ടം എന്നർഥമുള്ള 'സിർബ്' എന്ന പേരിൽ റഡാർ ഉപഗ്രഹ പദ്ധതി രൂപപ്പെടുത്തിയത്. യു.എ.ഇ ബഹിരാകാശ ഏജൻസി നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ നൂതനമായ സിന്തെറ്റിക് അപേർച്ചർ റഡാർ (എസ്.എ.ആർ) സാറ്റലൈറ്റ് വികസിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകും യു.എ.ഇ. റിമോട്ട് സെൻസിങ്ങിന് കഴിയുന്ന എസ്.എ.ആർ സാങ്കേതികവിദ്യ പരമ്പരാഗത ഇമേജിങ് ഉപഗ്രഹങ്ങളേക്കാൾ ശക്തമായതും കൂടുതൽ കൃത്യമായ ഇമേജിങ് നടത്താൻ കഴിയുന്നതുമാണ്.
കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക സുസ്ഥിരത, മികച്ച ദുരന്ത നിവാരണം എന്നീ മേഖലകളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ റഡാർ ഉപഗ്രഹ പദ്ധതി. ഭൂമിയിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ളതാകും ഈ ഉപഗ്രഹങ്ങൾ. ഇതിന് രാത്രിയിലും പകലും ഭൂമിയിൽ നിന്നുള്ള വ്യക്തമായ ചിത്രങ്ങൾ പകർത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

