Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് യു.എ.ഇയുടെ ലാന നുസൈബ മത്സരിക്കുന്നു; വിഷൻ സ്റ്റേറ്റ്‌മെന്‍റ്​ പുറത്തിറക്കി

text_fields
bookmark_border
യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് യു.എ.ഇയുടെ ലാന നുസൈബ മത്സരിക്കുന്നു; വിഷൻ സ്റ്റേറ്റ്‌മെന്‍റ്​ പുറത്തിറക്കി
cancel

ദുബൈ: ഐക്യരാഷ്ട്രസഭയുടെ (യു.എൻ) അടുത്ത സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് യു.എ.ഇ സഹമന്ത്രിയും യു.എൻ, യൂറോപ്യൻ യൂനിയൻ എന്നിവടങ്ങളിലെ പ്രത്യേക പ്രതിനിധിയുമായ ലാന നുസൈബ മത്സരിക്കുന്നു. യു.എ.ഇയുടെ ഔദ്യോഗിക നാമനിർദേശത്തെ തുടർന്നാണ് അവരുടെ സ്ഥാനാർഥിത്വം. നിലവിലെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ കാലാവധി 2026 ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അവർ യു.എ.ഇ സർക്കാരിലെ പദവികളിൽനിന്ന് താൽക്കാലികമായി മാറിനിൽക്കുകയാണെന്ന്​ അറിയിച്ചു.

സംഘർഷങ്ങൾ തടയുന്നതിനും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുമായി ‘ശാന്തമായ നയതന്ത്രം’ ഉപയോഗപ്പെടുത്തുമെന്ന് ലാന നുസൈബ തന്‍റെ വിഷൻ സ്റ്റേറ്റ്‌മെന്‍റിലൂടെ വ്യക്തമാക്കി. തടവുകാരുടെ കൈമാറ്റം, ജീവകാരുണ്യ സഹായങ്ങൾ ഉറപ്പാക്കൽ, പ്രാദേശികമായി താത്കാലിക വെടിനിർത്തൽ തുടങ്ങിയ പ്രായോഗികമായ ആദ്യഘട്ട ധാരണകൾക്കാണ് മുൻഗണന നൽകുക. യു.എൻ തന്നെ എല്ലാ ചർച്ചകൾക്കും നേതൃത്വം നൽകണമെന്നില്ലെന്നും, വിശ്വസ്തരായ പ്രാദേശിക മധ്യസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കാൻ സംഘടന തയാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു.

യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ നൽകിയ ഔദ്യോഗിക ശുപാർശ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ലന നുസൈബ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. യു.എൻ പൊതുസഭയുടെയും സുരക്ഷാ കൗൺസിലിന്‍റെയും പ്രസിഡന്‍റുമാർക്ക് അയച്ച കത്തിൽ, അന്താരാഷ്ട്ര വിഷയങ്ങളിലെ അവരുടെ ദീർഘകാല അനുഭവ സമ്പത്തും കാര്യക്ഷമതയും യു.എ.ഇ പ്രസിഡന്‍റ്​ എടുത്തുപറഞ്ഞു. ഈ മത്സരത്തിൽ വിജയിച്ചാൽ, 1945ൽ ഐക്യരാഷ്ട്രസഭ രൂപീകരിച്ചശേഷം അതിന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി ലാന നുസൈബ മാറും.

പൂർണമായും സ്വതന്ത്ര നിലപാടോടെയായിരിക്കും താൻ പ്രവർത്തിക്കുകയെന്ന് അവർ തന്‍റെ വിഷൻ സ്റ്റേറ്റ്‌മെന്‍റിൽ ഉറപ്പുനൽകുന്നു. യു.എൻ ചാർട്ടർ അനുശാസിക്കുന്ന നിഷ്പക്ഷത പാലിക്കും. ഏതെങ്കിലും ഒരു പ്രത്യേക സർക്കാരിനോട് മാത്രം കടപ്പാടുണ്ടായിരിക്കില്ലെന്നും അവർ വ്യക്തമാക്കി. പ്രാദേശികമായ സമാധാന കരാറുകൾ, തടവുകാരുടെ കൈമാറ്റം, ജീവകാരുണ്യ സഹായങ്ങൾ എത്തിക്കൽ, ദാരിദ്ര്യ നിർമാർജനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയ പ്രായോഗികമായ ആദ്യഘട്ട കരാറുകൾക്കാണ് താൻ മുൻഗണന നൽകുകയെന്ന് അവർ അറിയിച്ചു.

അന്താരാഷ്ട്ര നയതന്ത്രത്തിൽ പരിചയ സമ്പന്ന

ദുബൈ: 2013 മുതൽ 2024 വരെ ഐക്യരാഷ്ട്രസഭയിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയായി സേവനമനുഷ്ഠിച്ച ലാന നുസൈബക്ക്​ അന്താരാഷ്ട്ര നയതന്ത്രത്തിൽ വലിയ അനുഭവ സമ്പത്തുണ്ട്. യു.എൻ സുരക്ഷാ കൗൺസിലിലെ യു.എ.ഇയുടെ കാലയളവിൽ അധ്യക്ഷസ്ഥാനം വഹിച്ച അവർ ഗസ്സയിലെ ജീവകാരുണ്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘റഫ’ അതിർത്തി സന്ദർശിക്കുന്നതിനും പ്രമേയം 2720 പാസാക്കുന്നതിനും നിർണായക പങ്കുവഹിച്ചു. കൂടാതെ യു.എൻ പൊതുസഭാ വൈസ് പ്രസിഡന്‍റായും യു.എൻ വിമൻ എക്സിക്യൂട്ടീവ് ബോർഡ് പ്രസിഡന്‍റായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

വീറ്റോ അധികാരമുള്ള പ്രമുഖ രാജ്യങ്ങൾ (യു.എസ്, റഷ്യ, ചൈന, ബ്രിട്ടൻ, ഫ്രാൻസ്) തമ്മിൽ മറ്റ് സ്ഥാനാർഥികളുടെ കാര്യത്തിൽ സമവായത്തിലെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതാണ് ലാന നുസൈബ ഉൾപ്പെടെയുള്ള പുതിയ സ്ഥാനാർഥികൾക്ക് വഴിതുറന്നത്. മത്സരരംഗത്തുള്ള മറ്റ് ഏഴ് സ്ഥാനാർഥികൾക്കും എതിരെ വീറ്റോ വോട്ടുകൾ വന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

സുരക്ഷാ കൗൺസിലിലെ 15 അംഗങ്ങളിൽ കുറഞ്ഞത് ഒമ്പതു പേരുടെ പിന്തുണ ലഭിക്കുകയും സ്ഥിര അംഗങ്ങളുടെ വീറ്റോ ഉണ്ടാവാതിരിക്കുകയും ചെയ്യുന്ന വ്യക്തിയെയായിരിക്കും പൊതുസഭ പുതിയ മേധാവിയായി നിയമിക്കുക. 2027 ജനുവരി ഒന്നിനാണ് പുതിയ യു.എൻ മേധാവി അഞ്ച് വർഷത്തെ കാലാവധിയിലേക്ക് ചുമതലയേൽക്കുന്നത്. യു.എന്നിനെ ആദ്യമായി ഒരു വനിത നയിക്കണമെന്ന ആഗോള ആവശ്യവും, ആഗോളതലത്തിൽ തനിക്കുള്ള നയതന്ത്ര സ്വാധീനവും ലാന നുസൈബക്ക്​ മത്സരത്തിൽ കരുത്താകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UAE's Lana Nusseiba vying for UN Secretary-General post
Next Story