മനുഷ്യസ്നേഹികളുടെ പിന്തുണ അമൃതായി; അമൃതാനന്ദ് നാട്ടിലെത്തി
text_fieldsദുബൈ: കെട്ടിട നിർമാണത്തിനിടെ തൊഴിലാളി വീണു മരിച്ചതിൽ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി രണ്ടു ലക്ഷം ദിർഹം ദിയാധനം (ചോരപ്പണം) നൽകാൻ വിധിച്ച മലയാളി യുവാവിന് ഒടുവിൽ വിടുതലായി. ചോരപ്പണമായി നൽകാൻ ഷാർജ കോടതി വിധിച്ച തുക സഹജീവികളുടെ പിന്തുണയോടെ കണ്ടെത്താനായതാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശി അമൃതാനന്ദിന് മൂന്ന് വർഷത്തിനു ശേഷം നാട്ടിലേക്ക് വഴി തുറന്നത്.
പ്രമുഖ നിർമാണ സ്ഥാപനത്തിൽ സേഫ്റ്റി ഓഫീസറായിരുന്ന കെ.ബി. അമൃതാനന്ദ് (30) കമ്പനിയുടെ നിർമാണ സൈറ്റിൽ ഒരു ബംഗ്ലാ തൊഴിലാളി വീണു മരിച്ചതോടെയാണ് നിയമകുരുക്കിൽ പെടുന്നത്. സുരക്ഷാ ഓഫീസറുടെ വീഴ്ച്ചയാണെന്ന് കണ്ടെത്തിയ കോടതി മരിച്ചയാളുടെ കുടുംബത്തിന് ചോരപ്പണം വിധിച്ചു. പണം അടക്കാമെന്നേറ്റ കമ്പനി സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ടിയതോടെ ഭാരം യുവാവിെൻറ തലയിലായി. ഇന്ത്യൻ കോൺസുലേറ്റ് നടത്തിയ ചർച്ചയിൽ പകുതി പണം നൽകാമെന്ന് സമ്മതിച്ച് കമ്പനി ചെക്കു നൽകി. എന്നാൽ വർഷങ്ങളായി ജോലി നഷ്ടപ്പെട്ട്, വിസ പോലും കാലഹരണപ്പെട്ട അമൃതാനന്ദിന് മുന്നിൽ ഒരു ലക്ഷം ദിർഹം കണ്ടെത്താനും വഴിയേതുമില്ലായിരുന്നു.
ഗൾഫ് മാധ്യമവും മീഡിയാ വൺ ചാനലും ചില ഇംഗ്ലീഷ് മാധ്യമങ്ങളും നൽകിയ റിപ്പോർട്ടുകളെ തുടർന്നാണ് അമൃതാനന്ദിെൻറ സങ്കടം പുറംലോകമറിഞ്ഞത്. തുടർന്ന് യു.എ.ഇയിലെയും ഖത്തറിലെയും 20 ആരോഗ്യ^സുരക്ഷാ ഒeഫീസർമാർ ചേർന്ന് 70000 ദിർഹം സ്വരൂപിച്ചു നൽകി. ബാക്കി 30000 സംഘടിപ്പിക്കാൻ വഴി കാണാതെ നിൽക്കവെ ഇന്ത്യൻ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പ്യുവർ ഗോൾഡ് ജ്വല്ലറി ഗ്രൂപ്പ് മേധാവി ഫിേറാസ് മർച്ചൻറ് ഇൗ തുക നൽകാൻ മുന്നോട്ടു വരികയായിരുന്നു. പണം നൽകാനാവാതെ ഏതു സമയവും അറസ്റ്റിലായേക്കുമെന്ന ഭീതിയിൽ കഴിയവെയാണ് അപ്രതീക്ഷിത സഹായ ഹസ്തങ്ങളെത്തുന്നതും ബാധ്യത തീരുന്നതും.
കോൺസുലേറ്റിനും സഹപ്രവർത്തകർക്കും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഫിറോസ് മർച്ചൻറിനും ഹൃദയപൂർവം നന്ദി പറഞ്ഞാണ് അമൃതാനന്ദ് നാട്ടിലേക്ക് വിമാനമേറിയത്. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ ഗൾഫിലെത്തി കഷ്ടതയുടെയും മനസംഘർഷത്തിെൻറയും മൂന്നു വർഷം പിന്നിട്ട് മടങ്ങവെ അമൃതാനന്ദ് ഒരു കാര്യം ഉറപ്പിച്ചിട്ടുണ്ട്. അവസരം കിട്ടിയാൽ ഇനിയും വരും ഇൗ നാട്ടിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
