ഫലസ്തീൻ രാഷ്ട്രം; ഫ്രാൻസിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്ത് യു.എ.ഇ
text_fieldsശൈഖ് അബ്ദുല്ല ബിൻ സായിദ്
ദുബൈ: ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്ത് യു.എ.ഇ. നേരത്തേ യൂറോപ്യൻ രാജ്യങ്ങളായ നോർവേ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചതിന് പിന്നാലെയാണ് ഫ്രാൻസും നിർണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മാക്രോണിന്റെ പ്രഖ്യാപനം വളരെ സുപ്രധാന തീരുമാനമാണെന്ന് യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുന്നതിനും മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളെ ഈ നടപടി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനത്തെ അഭിനന്ദിച്ച അദ്ദേഹം, നിർണായക ഘട്ടത്തിലെ പ്രഖ്യാപനം ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തെ അവസാനിപ്പിക്കുന്നതിന് രാഷ്ട്രീയ പ്രക്രിയ സജീവമാക്കേണ്ടതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഉത്തരവാദിത്തത്തെ അടയാളപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു. ഇത്തരം പരിശ്രമങ്ങൾ മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്താൻ സംഭാവന ചെയ്യും.
അതോടൊപ്പം സ്വതന്ത്രവും പരമാധികാരമുള്ളതുമായ രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശത്തെ പിന്തുണക്കുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീൻ ജനതയുടെ അഭിലാഷങ്ങളോടും അവകാശങ്ങളോടുമുള്ള യു.എ.ഇയുടെ പ്രതിബദ്ധതയും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. സംഘർഷം അവസാനിപ്പിക്കാനും നീതിയുക്തവും നിലനിൽക്കുന്നതുമായ പരിഹാരം കൈവരിക്കാനും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലുമുള്ള പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ശൈഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

