വീണ്ടും മഴ വരുന്നു; താപനില കുറയും
text_fieldsദുബൈ: അയൽ ഗൾഫ് രാജ്യങ്ങളിലും യു.എ.ഇയിലും ഈ ആഴ്ച വീണ്ടും മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആഴ്ച മുഴുവനും വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ മഴക്കാണ് സാധ്യതയുള്ളത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കൂടുതലും മഴ ലഭിക്കുക. ദുബൈയിലും അബൂദബിയിലും ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാൽ, ശനിയാഴ്ചയോടെ അന്തരീക്ഷം തെളിയും.
അതേസമയം, അന്തരീക്ഷ താപനില ഒമ്പത് ഡിഗ്രി സെൽഷ്യസ് വരെ കുറയാനും മണിക്കൂറിൽ 40കി.മീറ്റർ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

