മുന്നറിയിപ്പുമായി യു.എ.ഇ സർക്കാർ; ഇമാറാത്തി ജീവനക്കാരുടെ ശമ്പളത്തിൽ തൊട്ടുകളിക്കരുത്
text_fieldsദുബൈ: യു.എ.ഇ പൗരന്മാരുടെ ശമ്പളം വെട്ടിച്ചുരുക്കുന്ന കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ. ഇത്തരക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് യു.എ.ഇ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രി അബ്ദുൽ റഹ്മാൻ അൽ അവാർ അറിയിച്ചു.
ഇമാറാത്തി ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എന്നാൽ, ആനുകൂല്യത്തിന്റെ മറപിടിച്ച് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും ദുരുപയോഗം ചെയ്യരുത്. ഇത്തരം നടപടികളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്ന് കടുത്ത ഭാഷയിലാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്.
ഇമാറാത്തിവത്കരണം; ശമ്പളം വർധിക്കും
2026ഓടെ സ്വകാര്യമേഖലയിൽ 10 ശതമാനം ഇമാറാത്തിവത്കരണം എന്നതാണ് യു.എ.ഇ സർക്കാറിന്റെ ലക്ഷ്യം. അടുത്തവർഷം ജനുവരിയോടെ രണ്ടു ശതമാനം നടപ്പാക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായാണ് 'നാഫി' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്. ശമ്പളത്തിനുപുറമെ നാഫി പദ്ധതി പ്രകാരം നൽകുന്ന ടോപ് അപ് വർധിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന സർക്കാർ യോഗം തീരുമാനിച്ചു.
ഇതോടെ ഇമാറാത്തി ജീവനക്കാരുടെ ശമ്പളത്തിൽ വർധനവുണ്ടാകും. ബിരുദമുള്ളവർക്ക് 7000 ദിർഹമാണ് ടോപ് അപ്പായി നൽകുന്നത്. നേരത്തേ ഇത് 6000 ദിർഹമായിരുന്നു. ഡിപ്ലോമക്കാർക്ക് 6000 ദിർഹമും ഹൈസ്കൂൾ കഴിഞ്ഞവർക്ക് 5000 ദിർഹമുമാണ് ടോപ് അപ്പായി ലഭിക്കുന്നത്. എന്നാൽ, ഇതിന്റെ മറപിടിച്ചാണ് കമ്പനികൾ യു.എ.ഇ പൗരന്മാരുടെ ശമ്പളം വെട്ടിക്കുറക്കുന്നത്.
ഏതൊക്കെ സ്ഥാപനങ്ങൾ നടപ്പാക്കണം
50 ജീവനക്കാർക്ക് മുകളിലുള്ള സ്വകാര്യസ്ഥാപനങ്ങളിൽ രണ്ടു ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്നാണ് സർക്കാർ നിർദേശം. ഡിസംബർ 31ന് മുമ്പ് ഇത് ഓരോ സ്ഥാപനങ്ങളും നടപ്പാക്കണം. ഓരോ വർഷവും രണ്ട് ശതമാനം വീതം വർധിപ്പിച്ച് 2026ഓടെ പത്തു ശതമാനത്തിലെത്തിക്കും. ഫ്രീ സോണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിർദേശം നിലവിൽ ബാധകമല്ല.
ഇമാറാത്തി നിയമന നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന്ന് 6000 ദിർഹം എന്ന കണക്കിൽ പിഴയിടും. തെറ്റായ വിവരം നൽകുന്നവർക്ക് 20,000 ദിർഹം മുതൽ ലക്ഷം ദിർഹം വരെ പിഴയിടും. കൂടുതൽ സ്വദേശികളെ നിയമിക്കുന്നവർക്ക് കൂടുതൽ ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നിരട്ടി ഇമാറാത്തികളെ നിയമിക്കുന്നവർക്ക് 250 ദിർഹമിന് വർക്ക് പെർമിറ്റ് ലഭിക്കും.
രണ്ടിരട്ടി സ്വദേശിവത്കരണം നടപ്പാക്കുന്നവർക്ക് 1200 ദിർഹമാണ് വർക്ക് പെർമിറ്റ് ഫീസ്. സാധാരണ രീതിയിൽ 3750 ദിർഹമാണ് ഫീസ് വരുന്നത്. അതേസമയം, വർക്ക് പെർമിറ്റ് ലഭിച്ച ശേഷവും ജോലിയിൽ പ്രവേശിക്കാത്ത ജീവനക്കാരൻ 20,000 ദിർഹം പിഴ അടക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

