സ്വദേശിവത്കരണം പൂർത്തിയാക്കണം; സ്വകാര്യ കമ്പനികൾക്ക് യു.എ.ഇ മുന്നറിയിപ്പ്
text_fieldsദുബൈ: ഈ വർഷത്തെ എമിററ്റൈസേഷൻ ലക്ഷ്യം ഡിസംബർ 31നകം പൂർത്തിയാക്കിയില്ലെങ്കിൽ പിഴ ചുമത്തുമെന്ന് സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് മുന്നറിയിപ്പ്. മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഇത്സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
50തോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ ഓരോ വർഷവും രണ്ട് ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്നാണ് നിയമം. 20 മുതൽ 49 വരെ ജീവനക്കാരുള്ള 14 സുപ്രധാനമേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്നും നിയമമുണ്ട്.
സ്വദേശിവത്കരണം ആരംഭിച്ചതോടെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.52 ലക്ഷം കടന്നതായി നേരത്തെ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം മേയിൽ ഒരു ലക്ഷമായിരുന്നതാണ് അതിവേഗത്തിൽ വർധിച്ചത്. രാജ്യത്തെ 29,000ലേറെ കമ്പനികളിലായാണ് സ്വദേശികൾ ജോലി ചെയ്തുവരുന്നത്.
ഇക്കഴിഞ്ഞ ജൂൺ 30 വരെയുള്ള കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്. രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളായ ബിസിനസ് സേവനങ്ങൾ, സാമ്പത്തിക ഇടനില പ്രവർത്തനം, വ്യാപാരം, റിപ്പയർ സേവനങ്ങൾ, നിർമാണം, ഉൽപാദനം എന്നീ മേഖലകളിലെല്ലാം സ്വദേശികളുടെ സാന്നിധ്യമുണ്ട്.
നൈപുണ്യം ആവശ്യമുള്ള മേഖലകളിൽ 2026ഓടെ 10 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കാനുള്ള ലക്ഷ്യവുമായി ‘നാഫിസ്’ പദ്ധതി 2021ലാണ് രാജ്യത്ത് ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി ഓരോ വർഷവും രണ്ട് ശതമാനം വീതമാണ് നിയമനം നടത്തേണ്ടത്. 2023ലെ കാബിനറ്റ് തീരുമാനമനുസരിച്ച് നിയമിക്കാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 7,000 ദിർഹം നിരക്കിൽ ആറുമാസത്തേക്ക് 42,000 ദിർഹം പിഴ ചുമത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

