യു.എ.ഇ സന്ദർശനം: നന്ദിയറിയിച്ച് ട്രംപ്
text_fieldsദുബൈ: യു.എ.ഇ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നന്ദി പറഞ്ഞുകൊണ്ടുള്ള വിഡിയോ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. യു.എ.ഇയെ കുറിച്ച് ‘അത്ഭുതകരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ പ്രശംസിക്കുന്നുമുണ്ട്. എയർഫോഴ്സ് വൺ വിമാനത്തിൽനിന്നുള്ള ദുബൈയിലെ പാം ജബൽ അലിയുടെ ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
പിന്നീട് യു.എ.ഇ നിർമിതബുദ്ധിയിൽ ആഗോള നേതൃത്വമായി മാറുമെന്ന് ട്രംപ് പ്രവചിക്കുന്നുമുണ്ട്. നിങ്ങൾ ഒരു അത്ഭുതകരമായ രാജ്യമാണ്. നിങ്ങൾ ഒരു സമ്പന്നരാജ്യമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം, പക്ഷേ നിങ്ങൾ ഒരിക്കലും എന്റെ പക്ഷം വിടില്ലെന്ന് എനിക്കറിയാം, നമുക്കും നമ്മുടെ രാജ്യത്തിനുമിടയിലുള്ള പ്രത്യേക ബന്ധമതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈഖ് മുഹമ്മദിനെ കുറിച്ച് ‘നിങ്ങൾ ഒരു മഹാനായ മനുഷ്യനാണ്, നിങ്ങളോടൊപ്പം ഉണ്ടായിരുന്നത് ഒരു ബഹുമതിയാണ്’ എന്നും പറയുന്നുണ്ട്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ യു.എ.ഇ സന്ദർശിച്ച ട്രംപ് ഇരുരാജ്യങ്ങൾക്കും സുപ്രധാനമായ നിരവധി കരാറുകളിൽ ഒപ്പുവെക്കുകയും വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

