യു.എ.ഇ- യു.എസ് എ.ഐ കാമ്പസ്;യു.എസിൽനിന്ന് ആദ്യ ബാച്ച് എ.ഐ ചിപ്പുകൾ എത്തി
text_fieldsദുബൈ: സർക്കാർ, സ്വകാര്യ മേഖലയിലെ സേവനങ്ങൾ എ.ഐ സാങ്കേതിക വിദ്യയിലൂടെ ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായി യു.എ.ഇ-യു.എസ് എ.ഐ കാമ്പസ് സ്ഥാപിക്കുന്നതിനായി നൂതനമായ എ.ഐ ചിപ്പുകൾ യു.എസിൽ നിന്ന് ഇറക്കുമതി ചെയ്തു.
യു.എസുമായി അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ പങ്കാളിത്തത്തിന്‍റെ ഭാഗമായാണ് നൂതന നിർമിത ബുദ്ധി (എ.ഐ) ചിപ്പുകളുടെ ആദ്യ ബാച്ച് ഇറക്കുമതി ചെയ്തെന്ന് അമേരിക്കയിലെ യു.എ.ഇ അംബാസിഡർ യൂസുഫ് അൽ ഉതൈബ പറഞ്ഞു.
എ.ഐ ചിപ്പുകളുടെ അടുത്ത ബാച്ച് വരും മാസങ്ങളിൽ അമേരിക്ക കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടണിൽ നടക്കുന്ന എസ്.സി.എസ്.പി എ.ഐ പ്ലസ് എക്സ്പോയിൽ സംസാരിക്കുകയായിരുന്നു ഉതൈബ. നേരത്തെ ആസൂത്രണം ചെയ്ത പോലെ അഞ്ച് ജിഗാവാട്ടിന്‍റെ യു.എ.ഇ-യു.എസ് എ.ഐ ചിപ്പ് കാമ്പസിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ഒരു വർഷം മുമ്പ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യു.എ.ഇ സന്ദർശന വേളയിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ആദ്യ ഘട്ടം 200 മെഗാവാട്ട് വൈകാതെ ഓൺലൈനിൽ ലഭ്യമായിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പദ്ധതിയെ പിന്തുണക്കുന്നതിനായി കഴിഞ്ഞ നവംബറിൽ ആയിരക്കണക്കിന് അടുത്ത തലമുറ എ.ഐ ചിപ്പുകൾ യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യാൻ വാഷിങ്ടൺ അനുമതി നൽകിയതായി അദ്ദേഹം വെളിപ്പെടുത്തി. ആദ്യ ബാച്ച് എ.ഐ ചിപ്പുകൾ എത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാങ്കേതിക വിദ്യ സഹകരണത്തിൽ നാഴികക്കലാണ്.
ആഗോള തലത്തിൽ പ്രാധാന്യമുള്ളതാണ് പദ്ധതി. അബൂദബിയിൽ നിന്ന് വിന്യസിക്കുന്ന അമേരിക്കൻ സാങ്കേതിക വിദ്യ ലോക ജനസംഖ്യയുടെ പകുതിയോളം പേർക്ക് സേവനം നൽകുമെന്നും വളർന്നുവരുന്ന വിപണികളിലേക്ക് എ.ഐ അധിഷ്ഠിത കഴിവുകൾ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഈ രംഗത്ത് ലക്ഷം കോടി ഡോളറിന്‍റെ നിക്ഷേപമാണ് യു.എ.ഇ യു.എസിൽ നടത്തിയിരിക്കുന്നത്.
അടുത്ത പത്തു വർഷത്തിനുള്ളിൽ 1.4 ലക്ഷം ഡോളറിന്‍റെ നിക്ഷേപം കൂടി നടത്താനും പദ്ധതിയുണ്ട്.കഴിഞ്ഞ വർഷം 30ലധികം കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 2017ൽ യു.എ.ഇ ലോകത്ത് ആദ്യമായി എ.ഐ മന്ത്രിയെ നിയമിക്കുകയും മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്ഥാപിക്കുകയും ചെയ്തിരുന്നു.ലോകത്തെ മുൻനിര എ.ഐ ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

