Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര പദ്ധതികളുമായി യു.എ.ഇ

text_fields
bookmark_border
വിവിധ എമിറേറ്റുകളില്‍ പുതിയ പദ്ധതികളും ആഡംബര വിനോദകേന്ദ്രങ്ങളും
വൈവിധ്യമാര്‍ന്ന വിനോദസഞ്ചാര   പദ്ധതികളുമായി യു.എ.ഇ
cancel
camera_alt

‘സ്ഫിയര്‍ അബൂദബി’

അബൂദബി: ആഗോള ടൂറിസം ഭൂപടത്തില്‍ രാജ്യത്തിന്‍റെ മത്സരക്ഷമത വര്‍ധിപ്പിക്കുന്നതിന്‍റെയും സാമ്പത്തിക വളര്‍ച്ചക്ക്​ കരുത്ത് പകരുന്നതിന്‍റെയും ഭാഗമായി വിപുലമായ വിനോദസഞ്ചാര-വിനോദ പദ്ധതികളുമായി യു.എ.ഇ. സാംസ്‌കാരിക പൈതൃകം, സുസ്ഥിരത, വിനോദം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള വൈവിധ്യമാര്‍ന്ന ടൂറിസം പദ്ധതികളാണ് 2026ല്‍ വിവിധ എമിറേറ്റുകളിലായി യാഥാർഥ്യമാകുന്നത്.

അബൂദബിയില്‍ യാസ് ഐലന്‍ഡിലാണ് അമേരിക്കക്ക്​ പുറത്തുള്ള ലോകത്തിലെ ആദ്യ ‘സ്ഫിയര്‍ അബൂദബി’ പദ്ധതിക്കായി ഈ വര്‍ഷം മേയില്‍ സ്ഥലം തെരഞ്ഞെടുത്തത്. 170 കോടി യു.എസ്. ഡോളര്‍ ചെലവഴിച്ചാണ് ഇതിന്‍റെ നിര്‍മാണം. യാസ് മാളിനും സീ വേള്‍ഡ് അബൂദബിക്കും ഇടയിലുള്ള ഈ വേദിക്ക് 20,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. കായിക മത്സരങ്ങള്‍, സമ്മേളനങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവക്ക്​ പുറമെ യു.എ.ഇയുടെ സംസ്‌കാരം വിളിച്ചോതുന്ന സംരംഭങ്ങളും ഇവിടെ ഒരുങ്ങും.

ഇതിനുപുറമേ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ യാസ് ഐലന്‍ഡില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനുമായി മിറാല്‍ 1,200 കോടി ദിര്‍ഹത്തിലധികം പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് ഐലന്‍ഡിലെ അമ്യൂസ്‌മെന്‍റ്​ പാര്‍ക്കുകളുടെ വിപുലീകരണത്തിനും പുതിയ സാങ്കേതിക അനുഭവങ്ങള്‍ക്കും ഇത്​ കരുത്തുപകരും.

ദുബൈയില്‍, പത്ത് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കാല്‍ ലക്ഷത്തിലധികം ചതുരശ്ര മീറ്റര്‍ വ്യാപ്തിയുള്ള തടാകത്തോടുകൂടിയ ‘അല്‍ ലയാന്‍ ഒയാസിസ്’ പരിസ്ഥിതി സൗഹൃദ വിനോദ പദ്ധതി ഫെബ്രുവരിയില്‍ അംഗീകരിച്ചു. നടത്തം, സൈക്ലിങ്​ ട്രാക്കുകള്‍, കുടുംബങ്ങള്‍ക്കായുള്ള വിശ്രമ കേന്ദ്രങ്ങള്‍, ഔട്ട്ഡോര്‍ സിനിമ, നൂറ് കാരവാനുകള്‍ക്കായുള്ള ക്യാമ്പിങ് സൗകര്യങ്ങള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ കേന്ദ്രത്തിന്‍റെ പ്രത്യേകതകളാണ്.

കൂടാതെ, ഉമ്മു സുഖീം ബീച്ച് ആധുനികവല്‍കരിച്ച് മുഴുവന്‍ സമയ ടൂറിസം കേന്ദ്രമാക്കാന്‍ 50 കോടി ദിര്‍ഹമിന്‍റെ മാസ്റ്റര്‍ പ്ലാനും ദുബൈ അംഗീകരിച്ചു. വര്‍ഷംതോറും ആറുലക്ഷം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ പാകത്തിലാണ് പദ്ധതി. നവീകരിച്ച സൗകര്യങ്ങള്‍, പാര്‍ക്കിങ്​, സൈക്ലിങ്​ ട്രാക്കുകള്‍, 38 മീറ്റര്‍ ഉയരമുള്ള ഒബ്‌സര്‍വേഷന്‍ ടവര്‍, രണ്ട് കിലോമീറ്റര്‍ നീളമുള്ള തീരസംരക്ഷണ ഭിത്തി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഖോര്‍ഫുഖാനില്‍ ‘അബു അല്‍ കൈസാന്‍ മറൈന്‍ വില്ലേജി’ന്‍റെ തറക്കല്ലിടല്‍ ഈ വര്‍ഷം നടന്നു. ഏഴ് ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ തീരദേശ ഗ്രാമങ്ങളുടെ മാതൃകയിലാണ് ഇസ്​ലാമിക വാസ്തുവിദ്യയും പ്രാദേശിക പൈതൃകവും ഉള്‍ക്കൊള്ളിച്ചുള്ള പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. ചെറിയ പ്രകൃതിദത്ത തുറമുഖം, ബീച്ച്, ഹരിത ഇടങ്ങള്‍, ഹോട്ടല്‍, വാണിജ്യ-ഓഫീസ് സമുച്ചയങ്ങള്‍, റസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, മസ്ജിദ് എന്നിവ ഇതിലുണ്ട്. ചുറ്റുമുള്ള പ്രകൃതിയും സമുദ്രജീവിതവും സംരക്ഷിച്ചുകൊണ്ട് 285 കെട്ടിടങ്ങള്‍ക്കായി 201 പ്ലോട്ടുകളാണ് ഇതില്‍ തയാറാക്കിയിട്ടുള്ളത്.

ഖോര്‍ഫുഖാനില്‍ 70 കോടി ദിര്‍ഹം ചെലവില്‍ ‘ഖോര്‍ഫുഖാന്‍ റിസോര്‍ട്ട്’ പദ്ധതിയും ഈ വര്‍ഷം ആരംഭിച്ചു. 573 റെസിഡന്‍ഷ്യല്‍ യൂനിറ്റുകള്‍, 16 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ജിം, ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഉയരത്തിലുള്ള ഹരിത ഇടങ്ങള്‍, ഔട്ട്ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങള്‍, സ്വകാര്യ ബീച്ച്, ഹോട്ടല്‍ സേവനങ്ങള്‍ എന്നിവ ഈ തീരദേശ റിസോര്‍ട്ടിന്‍റെ ഭാഗമാണ്.

റാസല്‍ഖൈമയില്‍ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസനത്തിനുമായി ‘അല്‍ റംസ് വാട്ടര്‍ഫ്രണ്ട്’, ‘അല്‍ റംസ് ബൊലേവാര്‍ഡ്’ എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. 2,000 മീറ്റര്‍ നീളത്തിലുള്ള വാട്ടര്‍ഫ്രണ്ടില്‍ നടത്തം, സൈക്ലിങ്​ ട്രാക്കുകള്‍, പൊതു സൗകര്യങ്ങള്‍, പാര്‍ക്കിങ്​, ഹരിത ഇടങ്ങള്‍, കളിസ്ഥലങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE unveils diverse tourism initiatives
Next Story