ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസര് നിര്‍മിച്ച് ക്ലീനിങ് തൊഴിലാളി
text_fieldsഅജ്മാന്: കൊറോണക്കാലത്ത് വ്യത്യസ്തമാര്‍ന്ന കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനാവുകയാണ് തമിഴ്നാട് സ്വദേശി മുഹമ്മദ് ഹംസ ഗോസ്സിപ്. വൈറസ് ബാധയില്‍ നിന്നു രക്ഷ നേടാനായി സാനിറ്റൈസർ ഉപയോഗിക്കുന്നവര്‍ അതിെൻറ കുപ്പിയിൽ തൊടുന്നത് ഒഴിവാക്കാൻ എന്താണ് വഴി എന്ന അന്വേഷണമാണ് ക്ലീനിങ് തൊഴിലാളിയായ ഹംസയെ ശ്രദ്ധേയമായ കണ്ടുപിടിത്തത്തില്‍ കൊണ്ടെത്തിച്ചത്. തെൻറ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ ശുചീകരണത്തിെൻറ ഭാഗമായി സാനിറ്റൈസർ ബോട്ടിലുകളിലും ഡിസ്പെൻസറുകളിലും സ്പർശിക്കുന്നത് നിരന്തരം കാണുന്ന ഇദ്ദേഹം നടത്തിയ പരിശ്രമങ്ങളാണ് വിജയത്തില്‍ കൊണ്ടെത്തിച്ചത്. അജ്മാനിലെ തുംബെ ലാബുകളുടെ സെൻട്രൽ ലബോറട്ടറിയിലെ ശുചീകരണ തൊഴിലാളിയാണ് പത്താംക്ലാസ് പാസായ ഹംസ.
വീട്ടിലെ സാമ്പത്തിക പ്രാരബ്ധം മൂലം പഠനം ഉപേക്ഷിച്ച് ജോലിക്ക് എത്തിയതാണ് അജ്മാനില്‍. കൈകൊണ്ട് തൊടുന്നത് ഒഴിവാക്കാന്‍ കാലുകൊണ്ട് ചവിട്ടുന്ന ഡിസ്പെൻസറാണ് ഹംസ ആദ്യം നിര്‍മിച്ചത്. എന്നാല്‍, ഇത് എല്ലാവര്ക്കും സൗകര്യപ്രദമല്ലെന്ന തിരിച്ചറിവില്‍ നിന്ന് പുതിയ പരീക്ഷണത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഓട്ടോമാറ്റിക് യന്ത്രം നിര്‍മിക്കാനായിരുന്നു ഹംസയുടെ ശ്രമം. ഇതിെൻറ ഭാഗമായി തെൻറ സ്ഥാപനത്തിലെ വാതിലുകള്‍ പ്രവര്‍ത്തിക്കുന്ന സെന്സറിെൻറ പ്രവര്‍ത്തനം നിരീക്ഷിച്ചു. ഈ പരീക്ഷണത്തിനായി ഇലക്ട്രോണിക് ഷോപ്പിൽ നിന്ന് സെൻസർ വാങ്ങി. ഓഫിസ് പരിസരത്തെ ഫിഷ് ടാങ്കിൽ നിന്ന് മോട്ടോർ കണ്ടെത്തി അത് പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ മോഡൽ നിര്‍മിച്ചു. ജോലിയുടെ ഇടവേളകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ പരിശ്രമങ്ങളെല്ലാം നടത്തിയിരുന്നതെന്ന് ഹംസ വിശദീകരിക്കുന്നു. ഒരാഴ്ചത്തെ ശ്രമകരമായ പ്രവര്‍ത്തനത്തിെൻറ പ്രതിഫലനമാണ് തെൻറ പുതിയ കണ്ടുപിടിത്തങ്ങളെന്ന് ഇദ്ദേഹം പറയുന്നു.
ഉപയോഗശൂന്യമായി കിടന്നിരുന്ന വസ്തുക്കളാണ് ഡിസ്പെൻസറുകള്‍ നിര്‍മിക്കുന്നതിന് മുഖ്യമായും ഉപയോഗിച്ചിരിക്കുന്നത്. സെൻട്രൽ ലാബ് സ്ഥിതിചെയ്യുന്ന ജി.എം.യു കാമ്പസിന് ചുറ്റും കിടക്കുന്ന മരം, മോട്ടോർ, വയറുകൾ എന്നിവ ഉപയോഗിച്ചു. പെട്ടി ഉണ്ടാക്കി പെയിൻറ് ചെയ്ത് മിനുക്കിയെടുത്തു. ഒരു സെൻസർ, ചെറിയ ട്രാൻസിസ്റ്റ്ർ, ബോർഡ് എന്നിവ മാത്രമാണ് ഇതിനായി വാങ്ങിയത്. 10 വര്‍ഷമായി യു.എ.ഇയിലുള്ള ഹംസ തുടക്കത്തില്‍ ഒരു സ്ഥാപനത്തില്‍ മെക്കാനിക്കല്‍ ഹെല്‍പ്പര്‍ ആയി ജോലി ചെയ്തിരുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് ഇൗ തമിഴ്നാട് സെല്ലദുരൈ സ്വദേശിയുടെ കുടുംബം. ഹംസയുടെ കണ്ടുപിടിത്തങ്ങളെ പ്രശംസിച്ച ജോലി ചെയ്യുന്ന സ്ഥാപനം ഡിസ്പെൻസറുകൾ അവരുടെ കോവിഡ് -19 ടെസ്റ്റിങ് ലാബിൽ സ്ഥാപിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.