സ്കൂൾ തുറക്കൽ; രക്ഷിതാക്കൾ ട്യൂഷൻ ഫീസ് പൂർണ്ണമായും അടക്കണം
text_fieldsഅബൂദബി: തലസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ തുറക്കുന്നതിനുള്ള കൂടുതൽ മാർഗനിർദേശങ്ങൾ അബൂദബി വിദ്യാഭ്യാസ വൈജ്ഞാന വകുപ്പ് (അഡെക്) പുറത്തുവിട്ടു. രക്ഷിതാക്കൾ മുഴുവൻ ട്യൂഷൻ ഫീസും നൽകേണ്ടിവരുമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. സ്കൂളുകൾ തുറക്കാൻ അഞ്ച് മാതൃകകളും അഡെക് പുറത്തുവിട്ടു. സ്കൂൾ വീണ്ടും തുറക്കുന്നതു സംബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രസിദ്ധീകരിച്ച ഗൈഡ്ബുക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്കൂളുകളുടെ പ്രവർത്തന രീതി പരിഗണിക്കാതെ വിദ്യാർഥികൾക്ക് മുഴുവൻ ട്യൂഷൻ ഫീസും ബാധകമാകുമെന്ന് അഡെക് വ്യക്തമാക്കി.
അബൂദബി എമിറേറ്റിലെ 201 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്. അതേസമയം, കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന രക്ഷിതാക്കൾ അതത് സ്കൂൾ പ്രിൻസിപ്പൽമാരുമായി ബന്ധപ്പെടാനും അഡെക് നിർദേശിച്ചു. ഇത്തരക്കാർക്ക് പിന്തുണ നൽകുന്നതിന് ഫീസ് ഡിസ്കൗണ്ടും ഗഡുക്കളായി പണമടക്കാനുള്ള പദ്ധതികളും വാഗ്ദാനം ചെയ്യാൻ അഡെക് അബൂദബിയിലെ സ്വകാര്യ സ്കൂളുകളെ അറിയിച്ചു. കോവിഡ് വ്യാപകമായതിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി യു.എ.ഇയിലെ സ്കൂളുകളിൽ വിദൂര പഠനരീതി നടപ്പാക്കിയിരുന്നു. അബൂദബി എമിറേറ്റിലെ സ്വകാര്യ സ്കൂളുകൾക്ക് പുതിയ അധ്യയന വർഷം ക്ലാസ് മുറികളിലെ പഠനം പുനരാരംഭിക്കുന്നതിന് അഡെക് നേരത്തെതന്നെ പച്ചക്കൊടി കാട്ടിയിരുന്നു. ഇതേത്തുടർന്ന് പുതിയ അധ്യയന വർഷം ആഗസ്റ്റ് 30ന് ആരംഭിക്കുമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയവും കഴിഞ്ഞമാസം 23ന് പ്രഖ്യാപിച്ചിരുന്നു.
സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കുന്നതിന് അഞ്ച് മാതൃകകളാണ് മുന്നോട്ടുവെച്ചത്. മുഴുവൻ ദിവസങ്ങളിലും ക്ലാസ് മുറികളിൽതന്നെ ക്ലാസ് എടുക്കാമെന്നാണ് ഒരു നിർദേശം. പകുതി ദിവസം ക്ലാസ്, ഒന്നിടവിട്ട ആഴ്ചകളിൽ ക്ലാസ്, 14 ദിവസ ക്ലാസ് എന്നീ മാതൃകകളും സ്വീകരിക്കാം. ഒരേ സ്കൂളിൽതന്നെ ഒരു ഗ്രേഡ് മുതൽ മറ്റൊരു ഗ്രേഡ് വരെ വ്യത്യസ്ത മാതൃക ഉപയോഗിക്കാം. ഏത് രീതിയാണ് അവലംബിക്കുന്നതെന്ന് ജൂലൈ 30നകം സ്കൂൾ വെബ്സൈറ്റിൽ പ്രഖ്യാപിക്കണമെന്നും അഡെക് നിർദേശിച്ചു. സ്കൂളുകൾ തുറക്കുന്നതിനുമുമ്പ് സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപക ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
