വ്യായാമ നടത്തക്കാര്‍ക്ക് നാലര കിലോമീറ്റര്‍ പാതയൊരുക്കി അജ്മാന്
text_fieldsഅജ്മാന്: വ്യായാമ നടത്തക്കാര്‍ക്ക് നാലര കിലോമീറ്റര്‍ പാതയൊരുക്കി അജ്മാന് നഗരസഭ. ഉമ്മുല്‍ ഖുവൈന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സഫിയ പ്രദേശത്താണ് റബറൈസ്ഡ് നടപ്പാതയൊരുക്കിയിരിക്കുന്നത്. നവീന രീതിയില്‍ 80 ലക്ഷം ദിര്‍ഹം ചെലവഴിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. വ്യായാമം ചെയ്യുന്നവര്‍ക്ക് രാത്രിയിലും സൗകര്യപ്രദമായി ഉപയോഗിക്കുന്നതിന് 310 സോളാര്‍ വിളക്കുകള്‍ പാതയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്.
അജ്മാന് നഗരസഭയുടെ കീഴിലുള്ള കൃഷി, പൊതു ഉദ്യാന വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. അജ്മാന് നഗരസഭയുടെ കീഴിലുള്ള സഫിയ പാര്ക്കിന് സമീപത്താണ് ഈ നടപ്പാത. പാര്‍ക്കിനോട് ചേര്‍ന്ന 1600 മീറ്റര്‍ നടപ്പാത കൂടാതെയാണ് ഈ നാലര കിലോമീറ്റര്‍ പാത. സഫിയ പാര്‍ക്കിനോട് ചേര്‍ന്ന നടപ്പാതയില്‍ നിന്ന് ഈ പാതയിലേക്ക് പ്രവേശിക്കാം.
സന്ദര്‍ശകര്‍ക്ക് ആസ്വാദ്യകരമാകും വിധം പാതയോടനുബന്ധിച്ച് ഈന്തപ്പനകളും പൂന്തോട്ടങ്ങളും ഒരുക്കിയിട്ടുണ്ട്. അജ്മാനില്‍ നിന്നും ഉമ്മുല്‍ ഖുവൈനിലേക്കുള്ള പ്രധാന പാതയായ ഇത്തിഹാദ് റോഡില്‍ നിന്നും ഇവിടേക്ക് വഴിയൊരുക്കിയിട്ടുണ്ട്. പാതയോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി നിരവധി സൗജന്യ പാര്‍ക്കിങ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. വ്യായാമങ്ങള്‍ക്ക് ഉപയോഗിക്കാമെങ്കിലും കോവിഡ് സാഹചര്യം മുന്‍ നിര്‍ത്തി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാനും പ്രദേശത്ത് ഒത്ത് കൂടലും ഇരിക്കുന്നതും ഒഴിവാക്കണമെന്നും അധികൃതര്‍ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
