റാസല്‍ഖൈമയിലെ ‘ഒറ്റമൂലി മാഫിയ’ക്കെതിരെ ജാഗ്രതൈ !!!
text_fieldsറാസല്‍ഖൈമ: ‘ഭായ്, തുമാര പേഡ് ബഹുത്ത് ബഡാ ഹൈ, കം കര്നേക്കാ ഹൈ, തും ആജാവോ മേരെ പാസ് മെഡിസിന് ഹൈ..’ റാസല്‍ഖൈമ അല്‍ നഖീലില്‍ കച്ചവട കേന്ദ്രത്തിെലത്തിയ കോഴിക്കോട് സ്വദേശി ലുഖ്മാെൻറ വയറില്‍ തട്ടി ഏറെ സ്നേഹത്തോടെയാണ് ഏഷ്യന്‍ വംശജെൻറ വര്‍ത്തമാനം. ബുദ്ധിപൂര്‍വകമായ ഇടപെടലിലൂടെ ലുഖ്മാന് ഇയാളുടെ വ്യാജ വാഗ്ദാനത്തില്‍ കുടുങ്ങിയില്ല. എന്നാല്‍, ഈ തട്ടിപ്പു സംഘത്തിെൻറ ഗുണകാംക്ഷയില്‍ പൊതിഞ്ഞ വാക്കുകളില്‍ വിശ്വസിച്ച് പണം നഷ്ടപ്പെടുന്നവര്‍ മാനഹാനി ഭയന്ന് വിവരം പുറത്ത് പറയാതിരിക്കുകയാണെന്നാണ് വിവരം. ഒട്ടേറെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളും പഴം -പച്ചക്കറി -മാംസ മാര്‍ക്കറ്റും സ്ഥിതി ചെയ്യുന്ന അല്‍ നഖീല്‍ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിെൻറ പ്രവര്‍ത്തനം. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങുന്നവരെയും കടകളില്‍ കയറുന്നതിന് മുമ്പും ആളുകളെ നിരീക്ഷിച്ച് പൊടുന്നനെ പരിചയപ്പെടുന്ന രീതിയാണ് സംഘം തുടരുന്നത്.
‘ഭയ്യാ, താങ്കളെ പോലെ കഷണ്ടി ബാധിച്ച എെൻറ സഹോദരെൻറ തലയില്‍ ഇപ്പോള്‍ സമൃദ്ധമായ മുടിയുണ്ട്’. നര ബാധിച്ച അടുത്ത ബന്ധുവിെൻറ തല കറുപ്പിച്ച കഥകൾ മെനഞ്ഞുമാണ് ഇവര്‍ ആളുകളെ കുടുക്കുന്നത്. കഷണ്ടിയല്ലേ, കുടവയറല്ലേ ... ഇവര്‍ പറയുന്ന എണ്ണയും പൗഡറും ഒന്ന് പരീക്ഷിച്ച് നോക്കിക്കളയാം എന്ന് ചിന്തിക്കുന്നവരാണ് കുടുങ്ങുന്നത്. സുഹൃത്തുക്കളും അധികൃതരുമായി വിവരം പങ്കുവെക്കാതെ ഇവർ തട്ടിപ്പുകാര്‍ക്ക് പ്രചോദനം നല്‍കുകയാണ്.മലപ്പുറം സ്വദേശി സമീര്‍ വര്‍ഷങ്ങളായി കണ്ണട ഉപയോഗിക്കുന്നുണ്ട്. കണ്ണട ഉപേക്ഷിക്കാന്‍ പത്ത് ദിര്‍ഹം മുടക്കിയാലെന്തെന്ന ചിന്തയില്‍ വ്യാജമരുന്നിെൻറ വലയിൽ വീണ യുവാവിന് പണം നഷ്ടമായത് മിച്ചം. വിശ്വാസം ജനിപ്പിക്കുന്ന രീതിയില്‍ സംവിധാനിച്ച കൗണ്ടറില്‍ നിന്ന് ചെറിയ പ്ലാസ്റ്റിക് പൊതിയില്‍ പൊടി നല്‍കിയിട്ട് പത്ത് ദിര്‍ഹമാണ് വാങ്ങുന്നത്. ഫലം വേഗത്തില്‍ ലഭിക്കണമെങ്കില്‍ ഇതിെൻറ കൂടെ മറ്റു ചില മരുന്നുകളും ചേര്‍ക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ ഒരാഴ്ച്ച കൊണ്ട് കണ്ണട ഒഴിവാക്കാമെന്നാണ് വാഗ്ദാനം.
കച്ചവടം ഉറപ്പിച്ച് മരുന്ന് വാങ്ങിയെങ്കിലും പന്തികേട് തോന്നിയതിനാല്‍ സേവിച്ചില്ലെന്ന് സമീര്‍ പറഞ്ഞു. നാണക്കേടാകുമെന്ന് ഓര്‍ത്ത് സംഭവം രഹസ്യമായി സൂക്ഷിച്ചു. തട്ടിപ്പ് കെണിയില്‍ നിന്ന് സമര്‍ഥമായി രക്ഷപ്പെട്ടവരുടെയും തന്നെ പോലെ പണം നഷ്ടപ്പെടുത്തിയ കൂടുതൽ ആളുകളുടെയും വിവരങ്ങളും അറിഞ്ഞതോടെയാണ് തെൻറ ദുരനുഭവം പരസ്യപ്പെടുത്താന്‍ മലയാളി യുവാവ് തയാറായത്. ചങ്ങരംകുളം സ്വദേശിയും സമാന അനുഭവം പങ്കുവെച്ചു. തെൻറ നരച്ച മുടി കറുപ്പിക്കാനുള്ള മരുന്ന് നിര്‍ദേശിച്ചാണ് സംഘം ഇയാളെ സമീപിച്ചത്. അതേസമയം, ഈ മാഫിയ സംഘം മലയാളികളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് സംശയിക്കുന്നതായി ഇവരുടെ കെണിയില്പെടാതിരുന്ന വര്‍ഷങ്ങളായി യു.എ.ഇയില്‍ ബിസിനസ് രംഗത്തുള്ള ലുഖ്മാന് പറഞ്ഞു.
സ്നേഹവായ്പ്പോടെ സമീപിച്ച പാക് സ്വദേശികളെ ക്ഷമയോടെയാണ് താന്‍ കേട്ടത്. മരുന്നിെൻറ ആധികാരികതയും വില്പനക്കുള്ള അനുമതിപത്രവും ആവശ്യപ്പെട്ടതോടെ ഇവര്‍ പരുങ്ങി. അധികൃതരെ വിവരം അറിയിക്കുകയാണെന്ന് പറഞ്ഞതോടെ ശരവേഗത്തില്‍ സ്ഥലം വിടുകയായിരുന്നുവെന്നും ലുഖ്മാന് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത അനിവാര്യമാണെന്ന് റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി പ്രസിഡൻറ് ഡോ. നിഷാം നൂറുദ്ദീന്‍ അഭിപ്രായപ്പെട്ടു. ചെറുതും വലുതുമായ രോഗങ്ങള്‍ക്കുള്ള മരുന്നും സൗന്ദര്യവര്‍ധക വസ്തുക്കളും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോടെ ഉപയോഗിക്കണം. ഏത് മേഖലകളിലെയും വ്യാജ സംഘങ്ങളുടെ വിവരങ്ങള്‍ വേഗത്തില്‍ അധികൃതര്‍ക്ക് മുന്നിലെത്തിക്കുന്നതിലൂടെ സമൂഹം കെണികളില്‍ കുടുങ്ങുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
