സെപ്റ്റംബറിൽ സ്കൂൾ തുറക്കും; കോവിഡ് പരിശോധന നിർബന്ധം
text_fieldsഅബൂദബിയിലെ സ്കൂളുകൾക്ക് സെപ്റ്റംബറിൽ തുറക്കാൻ അനുമതി, അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നിർബന്ധം
അബൂദബി: 2020-2021 അധ്യയനവർഷത്തെ പഠനം സ്കൂളുകളിലെ ക്ലാസ് മുറികളിൽ സെപ്റ്റംബറിൽ പുനരാരംഭിക്കാൻ തലസ്ഥാന എമിറേറ്റിലെ സ്കൂളുകൾക്ക് അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അനുവാദം നൽകി. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നതിനുമുമ്പ് കോവിഡ് പരിശോധനക്ക് വിധേയരാകണമെന്നും അഡെക് നിർദേശിച്ചു.
എല്ലാ സ്കൂളുകളിലും അധ്യയനം പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും അഡെക് പുറപ്പെടുവിച്ചു. എല്ലാ ജീവനക്കാരും രക്ഷിതാക്കളും സ്മാർട്ട് മൊബൈൽ ഉപകരണങ്ങളുള്ള വിദ്യാർഥികളും കോവിഡ് രോഗികളുമായുള്ള ഇടപെടൽ കണ്ടെത്തുന്നതിന് അൽ ഹൊസ്ൻ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. മുഴുവൻ ജീവനക്കാരും വിദ്യാർഥികളും സമീപകാലത്തെ യാത്രകളുടെ വിവരം അറിയിക്കണം. 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കും സ്കൂൾ അങ്കണത്തിൽ പ്രവേശിക്കുന്നവർക്കും മാസ്ക് നിർബന്ധമാണ്.
ഉച്ചഭക്ഷണ സമയത്ത് മാസ്കുകൾ നീക്കംചെയ്യാം. എന്നാൽ, കർശനമായ സാമൂഹിക അകലം പാലിക്കണം. മുൻകരുതൽ നടപടിയായി ഡെസ്ക് ഷീൽഡുകളും ശിപാർശ ചെയ്യുന്നു.
ഇതെല്ലാം സ്കൂളുകളിൽ സുഗമമായി നടപ്പാക്കുന്നതിന് അഡെക് മാസങ്ങളായി രക്ഷാകർതൃ പ്രതിനിധികൾ, അധ്യാപകർ, ബന്ധപ്പെട്ട അധികാരികൾ എന്നിവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ, സ്ക്രീനുകൾ, പാർട്ടീഷനുകൾ, മറ്റു സംരക്ഷണ നടപടികൾ എന്നിവ സ്ഥാപിക്കാൻ സ്കൂളുകൾ അധികൃതരോട് അഡെക് പ്രത്യേകം അഭ്യർഥിച്ചു. സ്കൂളിലെ പ്രദേശങ്ങൾ പതിവായി അണുമുക്തമാക്കുകയും ശുചീകരിക്കുകയും ഉയർന്ന ശുചിത്വ നിലവാരം പുലർത്തുകയും വേണം. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യസുരക്ഷയെ സഹായിക്കുന്നതിന് സ്കൂളുകൾ പൂർണമായും തയാറാണെന്ന് ഉറപ്പുവരുത്തണം. ഫീസ് ആനുകൂല്യം, ഒാൺലൈൻ പേമെൻറ് സംവിധാനം, സ്പ്ലിറ്റിങ് ടേം, പ്രതിമാസ തവണകളായി ഫീസ് അടക്കാനുള്ള സൗകര്യങ്ങൾ എന്നിവയും സ്കൂൾ അധികൃതർ ഒരുക്കും.
വിദ്യാഭ്യാസ മേഖലയുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അഡെക് അണ്ടർ സെക്രട്ടറി അമീർ അൽ ഹമ്മാദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
