ശശിക്ക് മടങ്ങാം; ടിക്കറ്റ് അബൂദബി ഐ.എസ്.സി നൽകും
text_fieldsഅബൂദബി: കോവിഡ്മൂലം റെസ്റ്റാറൻറ് പൂട്ടിയതിനെ തുടർന്ന് ജോലിയും വരുമാനവുമില്ലാതെ കഷ്ടത്തിലായ വടകര മൊകേരി സ്വദേശി വടക്കെപൊയിൽ കേളപ്പെൻറ മകൻ ശശീന്ദ്രന് (58) നാട്ടിലെത്താൻ വിമാന ടിക്കറ്റും പോകുംവരെ ഭക്ഷണ സാധനങ്ങളും അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെൻറർ (ഐ.എസ്.സി) നൽകും. ശശിയുടെ ദുരിത ജീവിതം ഞായറാഴ്ച ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് െഎ.എസ്.സി സഹായവുമായി എത്തിയത്. ഐ.എസ്.സി ജനറൽ സെക്രട്ടറി ജോജോ അംബൂക്കനാണ് ഇക്കാര്യം അറിയിച്ചത്.
ഈ മാസം 26നോ, 27നോ അബൂദബിയിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന വന്ദേഭാരത് മിഷൻ വിമാനത്തിൽ ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും ജോജോ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് അബൂദബി ഐ.എസ്.സിയിലെത്തി ശശി ഭക്ഷണ സാധനങ്ങളും സാമ്പത്തിക സഹായവും ഏറ്റുവാങ്ങി. നാട്ടിലേക്ക് മടങ്ങുംവരെയുള്ള ഭക്ഷണ സാധനങ്ങളും പോക്കറ്റ് മണിയും ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ശശി പറഞ്ഞു. സിറിയൻ വംശജനായ അബ്രിയാദിെൻറ ഉടമസ്ഥതയിലുള്ള റവാബി അൽഷാം റസ്റ്റാറൻറിൽ തൊഴിൽ വിസ പുതുക്കി നൽകാതിരുന്നതിനെ തുടർന്ന് 15 മാസമായി അനധികൃതമായാണ് ജോലി ചെയ്തിരുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിൽ റസ്റ്റാറൻറ് അടച്ചതോടെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളും മാനസിക പ്രയാസവുമുള്ള ഇയാൾ ദുരിതക്കയത്തിലായി.
അബ്രിയാദ് റസ്റ്റാറൻറ് നടത്താനേൽപിച്ച മലയാളികൾ നൽകിയ അബൂദബി മുറൂർ റോഡിനു സമീപത്തെ കെട്ടിടത്തിലെ റൂമിൽ കൂടെ ജോലി ചെയ്തിരുന്നവർക്കൊപ്പമാണ് താമസിക്കുന്നത്. പലരിൽനിന്നും കടം വാങ്ങിയാണ് ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് നാലുമാസം ഇയാൾ കഴിഞ്ഞത്. പാസ്പോർട്ട് തിരിച്ചുനൽകിയാൽ നാട്ടിൽ പൊയ്ക്കോളാം എന്ന അഭ്യർഥനയെ തുടർന്നാണ് കാണാതായെന്നു പറഞ്ഞ പാസ്പോർട്ട് സ്പോൺസർ കഴിഞ്ഞ വ്യാഴാഴ്ച ശശിക്കു തിരിച്ചുനൽകിയത്. റസ്റ്റാറൻറിലെ 13 ജീവനക്കാരിൽ ഭൂരിഭാഗം പേരുടെയും വിസ കാലാവധി കഴിഞ്ഞ സ്ഥിതിയിലാണ്. 30 വർഷത്തിലധികമായി പ്രവാസ ജീവിതം നയിക്കുന്ന ശശി അരപ്പട്ടിണിക്കൊപ്പം രോഗിയുമായതിെൻറ വേവലാതിയോടെയാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
