അറബ് ജനത ഏറ്റുചൊല്ലി; സലാസ, ഇസ്നാൻ, വാഹിദ്...
text_fieldsദുബൈ: സലാസ, ഇസ്നാൻ, വാഹിദ്... ശാസ്ത്രലോകം ഇതുവരെ ഇങ്ങനൊരു കൗണ്ട്ഡൗൺ കേട്ടിട്ടുണ്ടാവില്ല. തിങ്കളാഴ്ച രാത്രി കണ്ണിമ ചിമ്മാതെ ഉറക്കമിളച്ച് കാത്തിരുന്ന അറബ് ജനതയുടെ മനസ്സിൽ കുളിരുപകർന്നാണ് അൽ അമൽ എന്ന ഹോപ് പ്രോബ് ചൊവ്വയിലേക്ക് പ്രയാണം തുടങ്ങിയത്. ചരിത്രത്തിൽ ആദ്യമായി അറബി ഭാഷയിൽ കൗണ്ട്ഡൗൺ നടത്തിയപ്പോൾ അറബ് രാജ്യങ്ങൾ ഒന്നടങ്കം ഏറ്റുചൊല്ലുകയായിരുന്നു. ജപ്പാനിലെ സ്പേസ് സെൻററിലും ഇങ്ങകലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെൻററിലും കരഘോഷങ്ങളോടെയാണ് ഹോപ്പിനെ യാത്രയാക്കിയത്.
രണ്ട് തവണ മാറ്റിവെച്ചതിനാൽ ഏറെ ആശങ്കയോടെയായിരുന്നു തിങ്കളാഴ്ചയും വിക്ഷേപണത്തിനൊരുങ്ങിയത്. കാലാവസ്ഥ മാറ്റമുണ്ടായാൽ അവസാന നിമിഷങ്ങളിൽപോലും വിക്ഷേപണം മാറ്റിവെക്കുന്ന പതിവുള്ളതിനാൽ ഇതും പ്രതീക്ഷിച്ചായിരുന്നു ഇമറാത്തികൾ ഉറങ്ങാതിരുന്നത്. എന്നാൽ, യു.എ.ഇ ഭരണകൂടത്തിൽനിന്ന് കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു. കാലാവസ്ഥ അനുകൂലമാണെന്നും നിശ്ചയിച്ച സമയത്തുതന്നെ വിക്ഷേപണം നടക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയിരുന്നു. നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പ് കൗണ്ട് ഡൗൺ തുടങ്ങിയതോടെ വീടുകളിലുള്ളവർ പോലും ഏറ്റുചൊല്ലി. രാജ്യത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് വീടുകൾ ദീപാലംകൃതമാക്കിയിരുന്നു.