കോവിഡ്: യു.എ.ഇയിൽ മൂന്നുമാസത്തിനിടെ ഏറ്റവും കുറവ് രോഗികൾ
text_fieldsദുബൈ: കോവിഡിൽനിന്ന് അതിവേഗം മുക്തിനേടുന്ന യു.എ.ഇയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് മൂന്നുമാസത്തിനിടെയുള്ള ഏറ്റവും കുറവ് രോഗികൾ. 211 പേർക്ക് മാത്രമാണ് ഞായറാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തത്. 40,000ത്തിലേറെ പേരെ പരിശോധിച്ചതിൽനിന്നാണ് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രിൽ രണ്ടിന് 210 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ അളവിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിെൻറ തൊട്ടടുത്ത ദിവസമാണ് യു.എ.ഇയിൽ ഏറ്റവും കുറവ് രോഗികളെ കണ്ടെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
രാജ്യത്തിന് ഏറെ ആശ്വാസം പകരുന്ന വാർത്തയാണിത്. തുടർച്ചയായി അഞ്ചാം ദിവസമാണ് 300ൽ താഴെ പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പല രാജ്യങ്ങളിലും കോവിഡ് ഗ്രാഫ് മുകളിലേക്ക് കുതിച്ചുയരുേമ്പാഴാണ് യു.എ.ഇയിൽ രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നത്. ഭരണകൂടം സ്വീകരിച്ച പക്വമായ നിലപാടും മുൻകരുതൽ നടപടികളും ഫലം ചെയ്തു എന്നതിെൻറ തെളിവാണിത്. മരണസംഖ്യ കുറഞ്ഞതും പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമാകുന്നു. രണ്ടുമാസം മുമ്പ് ദിവസവും പത്തിലേറെ മരണങ്ങളാണ് യു.എ.ഇയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ നല്ലൊരു ശതമാനവും മലയാളികളടക്കമുള്ള പ്രവാസികളായിരുന്നു. എന്നാൽ, ഒരുമരണം പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസങ്ങൾക്കാണ് കഴിഞ്ഞദിവസം യു.എ.ഇ സാക്ഷ്യം വഹിച്ചത്. ബുധനാഴ്ച ഒരാൾ പോലും മരണപ്പെട്ടില്ലെന്ന് അബൂദബി കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായി ആൽ നഹ്യാനാണ് പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസവും മരണം റിപ്പോർട്ട് ചെയ്തില്ല.
ശനിയാഴ്ച രണ്ടും ഞായറാഴ്ച ഒരു മരണവും മാത്രമാണ് യു.എ.ഇയിൽ ഉണ്ടായത്. രോഗമുക്തരുടെ എണ്ണത്തിലും രാജ്യത്തിന് ആശ്വാസത്തിന് വകയുണ്ട്. വ്യാഴാഴ്ച ആയിരത്തിലേറെ പേർ സുഖം പ്രാപിച്ചിരുന്നു. ഞായറാഴ്ച 352 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ, രോഗമുക്തരുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ 56,922 പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത യു.എ.ഇയിൽ 7314 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അതേസമയം, യു.എ.ഇയിലെ നിയന്ത്രണങ്ങൾ ഒാരോന്നായി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ ശീശ കേന്ദ്രങ്ങൾക്കുള്ള വിലക്ക് ദുബൈ പിൻവലിച്ചിരുന്നു. സ്റ്റേഡിയങ്ങളിൽ കാണികളെ കയറ്റാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേ ഹോം എന്ന പ്രചാരണം ഒഴിവാക്കി ‘നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്’ എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ചാണ് യു.എ.ഇ കോവിഡിനെ പ്രതിരോധിക്കുന്നത്. കോവിഡ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണവും നടക്കുന്നത് രാജ്യത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
