റജിദീനെ ഷാർജ യാത്രയാക്കുന്നു, സ്നേഹവാദ്യം മുഴക്കി
text_fieldsഷാര്‍ജ: ഷാർജ ഇന്ത്യൻ സ്കൂളിലെ സ്കൗട്ട് വിഭാഗം മേധാവി തിരുവനന്തപുരം തോന്നക്കൽ സ്വദേശി റജിദീൻ സാർ കാൽനൂറ്റാണ്ടിനിടെ ആയിരക്കണക്കിന് കുട്ടികളെയാണ് സ്കൗട്ട് കാഡറ്റുകളാക്കി എൻറോൾ ചെയ്യിച്ചത്. ഷാർജയിൽ നടക്കുന്ന പ്രധാന സാംസ്കാരിക പരിപാടികളിലും ഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കാനും സാറിെൻറ ശിഷ്യന്മാർ ചിട്ടയായ പരേഡും മനോഹരമായ ബാൻഡ്വാദ്യവും ഒരുക്കുമായിരുന്നു. സ്കൂള്‍ മലയാള വിഭാഗത്തിെൻറയും സ്കൗട്ടിെൻറയും മേധാവി സ്ഥാനമൊഴിഞ്ഞ് നാട്ടിലേക്കു മടങ്ങുന്ന സാറിന് ബാൻഡ് വാദ്യത്തിെൻറ അകമ്പടിയോടെ യാത്രയാക്കാൻ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ മൂലം പ്രിയപ്പെട്ടവർക്ക് കഴിഞ്ഞില്ല.
എന്നാൽ, റജിദീൻ യാത്രപറയുേമ്പാൾ നൂറുകണക്കിന് ഹൃദയങ്ങളാണ് ഒരേ താളത്തിൽ മിടിക്കുന്നത്. അത്രയേറെ പ്രിയങ്കരനായിരുന്നു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഇദ്ദേഹം.യു.എ.ഇയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഏറെ ശ്രദ്ധേയമായ സ്കൗട്ട് ആൻഡ് ഗൈഡ് വിങ്ങുകളാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂളിേൻറത്. തിരുവനന്തപുരം കഴക്കൂട്ടം ഹൈസ്കൂളില്‍ അധ്യാപകനായി ജോലിനോക്കുന്നതിടെ ഹ്രസ്വസന്ദര്‍ശനത്തിന് യു.എ.ഇയിലെത്തിയപ്പോൾ കണ്ട പത്രപരസ്യമാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെത്തിക്കുന്നത്. സ്കൗട്ടിനും ബാൻഡ്വാദ്യത്തിനും മാത്രമല്ല, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും സ്കൂളിലെ മലയാളം ക്ലബിനും ചുക്കാന്‍ പിടിച്ചത് കവികൂടിയായ റജിദീൻ ആയിരുന്നു.
യുവ സംവിധായകൻ ഷാജി എം. പുഷ്പാംഗദന് സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രമായും വേഷമിട്ടു. യു.എ.ഇയിലെ പ്രമുഖ ജനകീയ കൂട്ടായ്മയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷെൻറ ഭാഗമായ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പഠിപ്പിക്കാന്‍ അവസരം ലഭിച്ചത് മഹാഭാഗ്യമായാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷനില്‍ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഇ.പി. ജോണ്സണ് ഉപഹാരം സമ്മാനിച്ചു. ‘യാത്രാമൊഴി’യായി സഹപ്രവര്‍ത്തകര്‍ക്കും ശിഷ്യന്മാര്ക്കും പാടാന്‍ ബാക്കിവെച്ച പാട്ട് എന്ന കവിതയും സമ്മാനിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ശിഷ്ടകാലം പ്രായമായ ഉമ്മയെ ശുശ്രൂഷിച്ച് ഭാര്യ നൂര്‍ജഹാനും കുടുംബത്തോടുമൊപ്പം വായനയും രചനയുമായി കഴിയാനാണ് പദ്ധതി.