ഷാർജ കാലിച്ചന്തയിൽ ബലിമൃഗങ്ങളെ എത്തിച്ചുതുടങ്ങി
text_fieldsഷാർജ: ബലിപെരുന്നാളിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ഷാർജയിലെ പരമ്പരാഗത കാലിച്ചന്തയായ അൽ ജുബൈലിൽ മൃഗങ്ങളെ എത്തിച്ചുതുടങ്ങി. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ക്രമീകരണങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയാണ് അറവുമാടുകളെ വിവിധ രാജ്യങ്ങളിൽനിന്നും സ്വദേശ മസ്റകളിൽനിന്നും ചന്തയിലേക്ക് കൊണ്ടുവരുന്നത്.
മാർക്കറ്റിൽ ആളുകൾ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ട്. വിലയിൽ കാര്യമായ വർധന ഉണ്ടായിട്ടില്ല എന്നാണ് കച്ചവടക്കാർ പറയുന്നത്. ഒഡിഷ വിമാനത്താവളം വഴിയാണ് ഇന്ത്യയിൽനിന്നുള്ള കാലികൾ വിമാനം കയറുന്നത്. ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളാണ് യു.എ.ഇ ചന്തകളിലെ ബലിമൃഗങ്ങളുടെ പ്രധാന സ്രോതസ്സ്. സ്വദേശികളും പ്രവാസികളും ബലിക്കായി മൃഗങ്ങളെ വാങ്ങാനെത്തുന്നുണ്ട്. ഒറ്റക്കും ഏഴാളുകൾവരെയുള്ള ഗ്രൂപ്പായും ബലി നടത്തുന്നവരുണ്ട്.
സൗകര്യമുള്ളവർ മുൻകൂട്ടി മൃഗങ്ങളെ വാങ്ങി പരിപാലിച്ചാണ് ബലിക്കായി ഒരുക്കുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ ഒരു കാരണവശാലും ബലി നടത്താൻ പാടില്ല എന്നാണ് നഗരസഭകളുടെ കർശന നിർദേശം. അതത് എമിറേറ്റുകളിലെ അറവുശാലകളിലെത്തിയും മൊബൈൽ അറവുശാലകൾ പ്രയോജനപ്പെടുത്തിയും വേണം ബലി നിർവഹിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
