ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളെ വഴിതെറ്റിക്കുമെന്ന് പൊലീസ്
text_fieldsഅജ്മാന്: ഇലക്ട്രോണിക് ഗെയിമുകൾ കുട്ടികളെയും കൗമാരക്കാരെയും വഴിതെറ്റിക്കുമെന്നു പൊലീസ് മുന്നറിയിപ്പ്. ഇത്തരം ഗെയിമുകൾ കുട്ടികളിലും കൗമാരക്കാരിലും കുറ്റകൃത്യങ്ങളും അക്രമവാസനയും വര്‍ധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നതായാണ് അബുദാബി പൊലീസ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. രക്ഷിതാക്കള്‍ ശ്രദ്ധിക്കാത്ത പക്ഷം കുട്ടികളിൽ ഗുരുതരമായ മാനസിക പ്രത്യാഘാതങ്ങളും ഒറ്റപ്പെടലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു. കുട്ടികൾ പലപ്പോഴും ഗെയിമുകളിലെ അക്രമം അനുകരിക്കുകയും വിനോദത്തിനുള്ള മാർഗമായി കാണുകയും ചെയ്യുന്നു.
ഇത് മറ്റ് കുട്ടികളെ വാക്കാലും ശാരീരികമായും ഭീഷണിപ്പെടുത്താനുള്ള അവരുടെ ആഗ്രഹം വർധിപ്പിക്കുന്നതിന് കാരണമാകുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധപുലർത്തണം. കുട്ടികള്‍ തെരഞ്ഞെടുക്കുന്ന ഇലക്ട്രോണിക് ഗെയിമുകളും ആപ്ലിക്കേഷനുകളും മാതാപിതാക്കള്‍ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും അവധിക്കാലമായതിനാൽ സ്മാർട്ട് ഇലക്ട്രോണിക് മാർഗങ്ങളായ ഫോണുകളും ഗെയിമിങ് ഉപകരണങ്ങളും കുട്ടികളെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിയണമെന്നും പൊലീസ് പറഞ്ഞു.
ഇഷ്ടപ്പെടുന്ന സോഷ്യൽ നെറ്റ്വർക്കിങ് പ്രോഗ്രാമുകളിലൂടെ കുട്ടികളെ ദോഷകരമായി ബാധിക്കാവുന്നവ കടന്നുവരാന്‍ സാധ്യതയുണ്ട്. കുട്ടികൾ ഇഷ്ടപ്പെടുന്ന ഗെയിമുകളുടെയും വെബ്സൈറ്റുകളുടെയും ഗുണനിലവാരം അറിയുന്നതിന് ഇലക്ട്രോണിക് ഫാമിലി മോണിറ്ററിംഗ് സിസ്റ്റം പ്രോഗ്രാം സജീവമാക്കണം. ഗെയിമുകൾ വഴി കുട്ടികൾക്ക് കിട്ടുന്ന സുഹൃത്തുക്കളെ രക്ഷിതാക്കൾ അറിയണം. ഗെയിമുകൾ കളിക്കാൻ അനുയോജ്യമായ സമയം രക്ഷിതാക്കൾ നിർണ്ണയിക്കണം. ഹോം സ്പോർട്സും മറ്റ് വിനോദ പ്രവർത്തനങ്ങളും ചെയ്യാൻ അവരെ പ്രചോദിപ്പിക്കുന്നതിനൊപ്പം ഡ്രോയിംഗ്, കളറിംഗ്, വായന അടക്കമുള്ള വിനോദങ്ങൾ പ്രോൽസാഹിപ്പിക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
