മികച്ച ചികിത്സയുറപ്പാക്കാൻ സ്വകാര്യ മേഖലയുമായി കൈകോർത്ത് അജ്മാൻ സ്പെഷാലിറ്റി ആശുപത്രി
text_fieldsഷാർജ: അജ്മാനിലെ താമസക്കാർക്ക് വിദഗ്ധ മെഡിക്കൽ ചികിത്സ ഒരുക്കുന്നതിന് മേഖലയിലെ പ്രമുഖ മെഡിക്കൽ കേന്ദ്രമായ അജ്മാൻ സ്പെഷാലിറ്റി ആശുപത്രി വി.പി.എസ്- ബുർജീൽ ആശുപത്രിയുമായി കരാറിൽ ഒപ്പുവച്ചു. സങ്കീർണ ശസ്ത്രക്രിയകളടക്കം വിദഗ്ധ പരിചരണം ആവശ്യമായ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ടാണ് കരാർ. അജ്മാനിൽ നിന്നുള്ള റഫറൽ രോഗികളെ ഇതുപ്രകാരം ഷാർജ ബുർജീൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് സമഗ്രചികിത്സ ലഭ്യമാക്കും. പ്രദേശവാസികൾ വർഷങ്ങളായി ആശ്രയിക്കുന്ന അർധ സർക്കാർ മെഡിക്കൽ സ്ഥാപനമാണ് അജ്മാൻ സ്പെഷാലിറ്റി ആശുപത്രി. ഡേ കെയർ സെൻറർ എന്ന നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ രോഗികളെ അഡ്മിറ്റ് ചെയ്യാനും സങ്കീർണ ശസ്ത്രക്രിയകൾ നടത്താനുമുള്ള സൗകര്യങ്ങൾ നിലവിലില്ല. ഈ സാഹചര്യത്തിലാണ് ഷാർജയിലെ ബുർജീൽ സ്പെഷാലിറ്റി ആശുപത്രിയിൽ ഇവക്കുള്ള സൗകര്യം ലഭ്യമാക്കാനുള്ള അധികൃതരുടെ തീരുമാനം.
ബുർജീൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ അജ്മാൻ മെഡിക്കൽ ഡിസ്ട്രിക്റ്റ് ഡയറക്ടറും ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഹമദ് ഉബൈദ് തര്യാം അൽ ഷംസിയും വി.പി.എസ് ഹെൽത്ത്കെയർ സി.ഇ.ഒ (ദുബൈ ആൻഡ് നോർത്തേൺ എമിറേറ്റ്സ്) ഡോ. ഷാജിർ ഗഫാറും കരാറിൽ ഒപ്പുവച്ചു. മികച്ച മാനദണ്ഡങ്ങൾ പ്രകാരമുള്ള ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന കരാറുകളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ധാരണയെന്ന് ഹമദ് ഉബൈദ് തര്യാം അൽ ഷംസി പറഞ്ഞു. അജ്മാനിലെ നൂറുകണക്കിന് താമസക്കാർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ പങ്കാളിത്തത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. ഷാജിർ ഗഫാർ വ്യക്തമാക്കി. കരാർപ്രകാരം അജ്മാൻ ആശുപത്രിയിലെ സ്പെഷലിസ്റ്റ് ഡോക്ടർമാർക്ക് അവരുടെ രോഗികൾക്കാവശ്യമായ അത്യാധുനിക ശസ്ത്രക്രിയകൾ ഷാർജ ബുർജീൽ ആശുപത്രിയിൽ നടത്താനുമാകും.