യു.എ.ഇയിലെ പള്ളികൾ ഇന്ന് തുറക്കും
text_fieldsദുബൈ: വിശ്വാസികളെ സ്വീകരിക്കാൻ യു.എ.ഇയിലെ പള്ളികൾ തയാറായി. പള്ളികളിൽ എത്തുന്നവർക്ക് യു.എ.ഇ ജനറൽ അതോറിറ്റി ഒാഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ് (ഒൗഖാഫ്) നിർദേശങ്ങൾ പുറത്തിറക്കി. വീടുകളിൽനിന്ന് തന്നെ അംഗശുദ്ധി വരുത്തണമെന്നും മുസല്ല കൊണ്ടുവരണമെന്നും നിർദേശത്തിലുണ്ട്. മാസ്ക് ധരിക്കണം. വാതിലുകളിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും പള്ളിയിൽ എത്തുന്നത് ഒഴിവാക്കണം. മൂന്നുമീറ്റർ അകലം പാലിക്കുന്നതിനായി പള്ളികളിൽ മാർക്ക് ചെയ്യണം. കൂട്ടംകൂടൽ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബ്ൾ ആക്ടിവിറ്റി ഡിപ്പാർട്മെൻറും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നമസ്കാര സമയങ്ങളിൽ മാത്രമേ പള്ളി തുറക്കാൻ പാടുള്ളൂ. അതിനുശേഷം അടച്ചിടണം.
പള്ളിയുടെ പ്രവേശന കവാടത്തിൽ മാസ്ക്കും ഗ്ലൗസും വിതരണം ചെയ്യരുത്. ഭക്ഷണം പോലുള്ളവയുടെ വിതരണവും നിരോധിച്ചതായി അധികൃതർ അറിയിച്ചു. വ്യവസായ മേഖലകൾ, തൊഴിലാളി നഗരങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ, ബാഹ്യ റോഡുകൾ എന്നിവിടങ്ങളിലെ പള്ളികൾ ഒഴികെയുള്ളവ ബുധനാഴ്ച മുതൽ പ്രാർഥനകൾക്കായി തുറക്കുമെന്ന് ഷാർജ ഇസ്ലാമിക് അഫയേഴ്സ് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. അറിയിപ്പ് ഉണ്ടാകുന്നതുവരെ വെള്ളിയാഴ്ച പ്രാർഥന ഉണ്ടാവുകയില്ല. ശുചിമുറികൾ തുറക്കില്ല. സ്ത്രീകൾക്ക് അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നവരും കോവിഡ് ബാധിച്ചവരുടെ കൂടെ താമസിക്കുന്നവരും പള്ളികളിൽ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
