യു.എ.ഇയിൽ ഉച്ചവിശ്രമ സമയം: നിയമം പ്രാബല്യത്തിൽ
text_fieldsഅബൂദബി: പുറത്ത് ജോലിചെയ്യുന്ന തൊഴിലാളികൾക്കായി യു.എ.ഇ ഏർപ്പെടുത്തിയ മൂന്നു മാസത്തെ ഉച്ചവിശ്രമ സമയത്തെക്കുറിച്ച നിയമം പ്രാബല്യത്തിൽവന്നു. ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നുവരെയാണ് വിശ്രമസമയം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 15 വരെയായുള്ള കാലയളവിലാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുക. ആദ്യ ദിവസംതന്നെ ദുബൈ തൊഴിൽ സ്ഥിരം സമിതി -ഉദ്യോഗസ്ഥർ തൊഴിലിടങ്ങൾ സന്ദർശിച്ചു. നിയമം പൂർണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനായിരുന്നു സന്ദർശനം. തൊഴിലാളികൾക്ക് പാനീയങ്ങളും തണുത്ത വെള്ളവും വിതരണം ചെയ്തു. കമ്പനികളോ തൊഴിലുടമകളോ ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ കനത്ത പിഴ ലഭിക്കും. ആവശ്യമെങ്കിൽ രാവിലെയും വൈകീട്ടും രണ്ട് ഷിഫ്റ്റുകളിലായി ജോലികൾ ക്രമീകരിക്കാം. എന്നാൽ, ജോലിസമയം എട്ടു മണിക്കൂറിൽ കൂടരുതെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
എട്ടു മണിക്കൂറിലധികം ജോലിചെയ്യുന്നത് ഒാവർടൈം ആയി കണക്കാക്കും. ഇവർക്ക് ഫെഡറൽ നിയമ പ്രകാരം അധികശമ്പളം നൽകണം. അടിയന്തരപ്രാധാന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവരെ ഉച്ച വിശ്രമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള ജോലിസ്ഥലങ്ങളിൽ തണുത്ത കുടിവെള്ളം, ലവണങ്ങൾ, നാരങ്ങ തുടങ്ങിയവ നൽകണം. നിർജലീകരണപ്രശ്നം പരിഹരിക്കാൻ ഉപ്പുചേർത്ത വെള്ളം ധാരാളം കുടിക്കണം. എന്നാൽ, രക്തസമ്മർദമുള്ള തൊഴിലാളികൾ ഉപ്പ് ഒഴിവാക്കുകയും വേണം. ജോലിസ്ഥലങ്ങളിൽ പ്രഥമശുശ്രൂഷ കിറ്റുകൾക്കുപുറമെ കോവിഡ്വ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു. ഉച്ചവിശ്രമ ഇടവേളയില്‍ തൊഴിലാളികള്‍ക്ക് സൂര്യാതപം ഏല്ക്കാതെ വിശ്രമിക്കാന്‍ അനുയോജ്യമായ സ്ഥലസൗകര്യം എല്ലാ തൊഴിലുടമകളും സജ്ജമാക്കണമെന്ന് ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതി തൊഴിലുടമകളോട് അഭ്യർഥിച്ചു.
തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനംചെയ്യാനും അപകടങ്ങളിൽനിന്ന് അകറ്റിനിർത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നതെന്ന് ദുബൈ തൊഴിൽകാര്യ സ്ഥിരംസമിതി ചെയർമാനും ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉപമേധാവിയുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. തൊഴിലിടങ്ങളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇ മാനവവിഭവശേഷി-സ്വദേശിവത്കരണ വകുപ്പാണ് രാജ്യത്ത് നിയമം പ്രഖ്യാപിച്ചത്. നിയമം ലംഘിച്ചാൽ ഓരോ തൊഴിലാളിക്കും 5000 ദിര്‍ഹം വീതമാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
