ഹൃദയമുള്ളവരേ നന്ദി; സ്നേഹയും കുഞ്ഞും സുഖമായിരിക്കുന്നു
text_fieldsദുബൈ: മുമ്പ് ചെയ്തിട്ടുള്ള അക്കൗണ്ടിങ് ജോലിയുടെ പുതിയ അവസരങ്ങൾ തിരക്കി നല്ലതൊന്ന് സ്വന്തമാക്കി മടങ്ങണം എന്നൊക്കെ കണക്കുകൂട്ടി ദുബൈയിൽ വന്നതായിരുന്നു കൊച്ചി സ്വദേശിനി സ്നേഹ സുകുമാരൻ. കാര്യങ്ങളെല്ലാം നല്ലരീതിയിൽ നീങ്ങുന്നതിനിടെയാണ് ലോക്ഡൗൺ വരുന്നതും ഒാഫിസുകളെല്ലാം മുടങ്ങിയതും. മറ്റെല്ലാ തൊഴിലന്വേഷകരും നേരിട്ട പ്രയാസങ്ങളെല്ലാം സ്നേഹയും അഭിമുഖീകരിച്ചു. ഉള്ളിൽ ഒരു കുഞ്ഞു ജീവൻ വളരുന്നതിനാൽ ഒരൽപം കൂടുതൽ ആശങ്കകളുമുണ്ടായിരുന്നു. ഒരാളും വിശന്നിരിക്കരുത് ഇൗ ഭൂമിയിൽ എന്ന് നിർബന്ധമുള്ള സുമനസ്സുകൾ ഭക്ഷണം എത്തിച്ചു, സ്കാനിങ്ങിനും മറ്റുമുള്ള സൗകര്യങ്ങൾ മറ്റു ചിലർ. വിളിക്കാനും കരുതലോടെ കാര്യങ്ങൾ തിരക്കാനും മൻഖൂലിലെ അയൽവാസികൾ. നാട്ടിലേക്ക് മടങ്ങാൻ വിമാനങ്ങൾ പുറപ്പെട്ടു തുടങ്ങിയ ഘട്ടത്തിൽ കോൺസുലേറ്റിൽ പേര് രജിസ്റ്റർ ചെയ്തു.
ഗർഭിണികൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും മറ്റു പലരും യോഗ്യരായി കയറിപ്പോയപ്പോഴും സ്നേഹയും ഉള്ളിൽ വളരുന്ന കുഞ്ഞും നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്നു. ദിവസങ്ങൾ കഴിയും തോറും അങ്കലാപ്പ് ഏറി വന്നു. ആദ്യത്തെ മകെള മാസംതികയും മുമ്പ് പ്രസവിച്ചതാണ്. ആരോഗ്യപ്രശ്നങ്ങൾ അൽപമുള്ളതിനാൽ എത്രയും പെെട്ടന്ന് നാടണഞ്ഞേ തീരു. ടിക്കറ്റിനുള്ള പൈസ കൈയിലില്ലതാനും. വിവരം ഉറ്റബന്ധുവായ അനിലയെ അറിയിച്ചു. അനില ഇക്കാര്യം പ്രശസ്ത അവതാരകനും മജീഷ്യനുമായ രാജ് കലേഷിനെയും. എംബസിയിൽനിന്ന് ഏറ്റവും പെെട്ടന്ന് വിളിക്കാൻ മാത്രം പ്രാർഥിക്കുക ടിക്കറ്റിെൻറ കാര്യമോർത്ത് വിഷമിക്കരുതെന്ന് രാജ് കലേഷ് ഉടനെ ഉറപ്പും നൽകി.
നാട്ടിലേക്ക് മടങ്ങാൻ വഴികാണാതെ ദുരിതപ്പെടുന്നവർക്ക് ആശ്വാസമൊരുക്കാൻ താൻകൂടി ഭാഗമായ ഗൾഫ് മാധ്യമം-മീഡിയവൺ സംയുക്ത പദ്ധതിയായ മിഷൻ വിങ്സ് ഒാഫ് കംപാഷനിലൂടെ ടിക്കറ്റ് ലഭ്യമാക്കുകയും ചെയ്തു. ഇനിയാണ് കഥയുടെ ട്വിസ്റ്റ്: എട്ടു മാസമായപ്പോൾ വന്ന ചേച്ചിയെപ്പോലെ തന്നെ വരാൻ കുഞ്ഞുവാവയും തീരുമാനിച്ചു. നാട്ടിലെത്തി അടുത്ത ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്നേഹ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. കുഞ്ഞുങ്ങളുടെ െഎ.സി.യുവിലുള്ള കുഞ്ഞുമായി ക്വാറൻറീൻ പൂർത്തിയാകുന്ന നാളെ വീട്ടിലേക്ക് മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് സ്നേഹ.
നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുക്കിയ മിഷൻ വിങ്സ് ഒാഫ് കംപാഷനും വേദനയുടെ കാലത്ത് ചേർത്തുപിടിച്ച ഒാരോരുത്തർക്കും തെൻറയും കുഞ്ഞിെൻറയും പേരിൽ സ്നേഹവും പ്രാർഥനകളുമറിയിക്കുകയാണ് സ്നേഹ. സമാധാനമായിരിക്കൂ സ്നേഹാ, എല്ലാം എളുപ്പം ശരിയാവും. യു.എ.ഇ വീണ്ടും കുതിച്ചുയരും. ഇൗ വാണിജ്യ നഗരത്തിൽ അക്കൗണ്ടിങ് ജോലിയിലെ അവസരങ്ങൾ അവസാനിക്കുന്നേയില്ല. നല്ല ഒരു ജോലി ഉറപ്പാക്കി മക്കളെയും കൂട്ടിയാവെട്ട അടുത്ത യു.എ.ഇ യാത്ര.