യോദ്ധാക്കളേ നന്ദി...
text_fieldsദുബൈ: മഹാമാരിക്കു മുന്നിൽ ലോകം വിറങ്ങലിച്ചുനിന്നപ്പോൾ, ജീവൻ തൃണവൽഗണിച്ചും രാജ്യത്തെയും ജനങ്ങളെയും ചേർത്തുപിടിച്ച മുൻനിര പോരാളികൾക്കുള്ള ആദരം ദുബൈയിൽ തുടരുകയാണ്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിലയുറപ്പിച്ച പോരാളികൾക്ക് ദുബൈ നഗരം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ആദരവാണ് കഴിഞ്ഞ ദിവസമൊരുക്കിയത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ നേതൃത്വത്തിൽ വിസ്മയം തീർക്കുന്നതും ഒപ്പം കണ്ണഞ്ചിപ്പിക്കുന്നതുമായ കാഴ്ചയൊരുക്കിയാണ് വ്യത്യസ്തമായ ആദരവ് പരിപാടിയൊരുക്കിയത്. രാജ്യത്തിനും ജനങ്ങൾക്കും മുൻനിര യോദ്ധാക്കൾക്കുമായി വർണക്കാഴ്ചയിലൂടെ സമർപ്പിച്ച സന്ദേശം ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ദുബൈ ഫ്രെയിം എന്നിവിടങ്ങളിലും തെളിഞ്ഞതിനു പിന്നാലെ ദുബൈയിലെ എമർജൻസി വാഹനങ്ങളെല്ലാം താങ്ക് യു എന്ന വാക്കിെൻറ അക്ഷരങ്ങളുടെ രൂപത്തിൽ രാത്രി ശൈഖ് സായിദ് റോഡിൽ അണിനിരന്നു.
വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളും മറ്റു ലൈറ്റുകളും തെളിച്ച് നന്ദി എന്ന വാക്കിനെ വർണക്കാഴ്ചയോടെ പ്രതിഫലിപ്പിച്ച ആദരായനം പുതുമയാർന്ന കാഴ്ചയായി. എമർജൻസി വാഹനങ്ങൾക്കൊപ്പം പട്രോളിങ് കാറുകൾ, ബൈക്ക് പട്രോളിങ്, ആംബുലൻസുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവയും കോവിഡ് പോരാളികൾക്ക് ഹൃദ്യമായ നന്ദിപറയുന്നതിനായി വർണവിളക്കുകൾ തെളിയിച്ച് അണിനിരന്നു. പശ്ചാത്തലത്തിൽ ദേശീയഗാനത്തിെൻറ അകമ്പടിയോടെ ഒരുക്കിയ വർണക്കാഴ്ച നിരവധി പേരാണ് നേരിട്ടുകണ്ടത്. കൊറോണ വൈറസിനെ നേരിടുന്ന ശ്രമങ്ങളിൽ അശ്രാന്തമായി പരിശ്രമിച്ച ആയിരക്കണക്കിന് മുൻനിര പോരാളികൾക്ക് നന്ദിപറയുന്നതിനായി നൂറുകണക്കിനു ഡ്രോണുകൾ ആകാശത്തേക്ക് പറന്നുയർന്ന് താങ്ക് യു എന്ന പദം വരച്ചുകാട്ടിയാണ് വാനിലും ദുബൈ നഗരം പോരാളികളെ നെഞ്ചോടു ചേർത്തുപിടിച്ച് നന്ദിയും കടപ്പാടും അറിയിച്ചത്.
നൂറുകണക്കിന് ആളുകളാണ് വർണപ്രപഞ്ചം തീർത്ത് ഇൗ ദൃശ്യവിരുന്നിന് സാക്ഷികളായാത്. ശൈഖ് ഹംദാൻ പിന്നീട് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ പതിനായിരങ്ങളാണ് കണ്ടത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോ ലക്ഷങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ദുബൈ മീഡിയ ഓഫിസ് ക്രിയേറ്റിവ് വിഭാഗമായ ബ്രാൻഡ് ദുബൈയുടെ നേതൃത്വത്തിൽ ഡൺ ഇവൻറ്സ് ഓഫ് അറബ് മീഡിയ ഗ്രൂപ്, എ.ഒ ഡ്രോൺ എന്നിവയുടെ സഹകരണത്തോടെയാണ് ഭൂമിയിലും ആകാശത്തും അകൈതവായ നന്ദി രേഖപ്പെടുത്തുന്ന വേറിട്ടതും വൈവിധ്യമാർന്നതുമായ ആദരായനം സംഘടിപ്പിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം കോവിഡ് പോരാളികളോട് വാക്കുകൾക്കതീതമായ നന്ദി നേരേത്ത പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, മുൻനിരയിൽ നിലയുറപ്പിച്ച ആരോഗ്യപ്രവർത്തകർക്ക് ഗോൾഡൻ വിസയും അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. യു.എ.ഇ ഉപ സർവസൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാരോട് വെർച്വൽ സംവിധാനത്തിലൂടെ സംസാരിച്ചാണ് രാജ്യത്തിെൻറ പ്രതിബദ്ധതയും കരുതലുമറിയിച്ചത്.
ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം കോവിഡ് പോരാളികൾക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കത്ത് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
