വീടെന്ന സ്വപ്നം ബാക്കിവെച്ച് സൈഫുദ്ദീൻ മടങ്ങുന്നു
text_fieldsഅബൂദബി: തിരുവനന്തപുരം വർക്കല നടയറ കുന്നിലെ കുത്തനെയുള്ള കയറ്റം കയറി ചെന്നാൽ ചെമ്മണ്ണ് ചേർത്തു പണിത ചെറിയൊരു കുടിൽ കാണാം. 18 വർഷം മണലാരണ്യത്തിൽ വിയർപ്പൊഴുക്കിയ ചടയമംഗലം സ്വദേശി സൈഫുദ്ദീൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് കയറിച്ചെല്ലുന്നത് ഇൗ വീട്ടിലേക്കാണ്. സ്വന്തം പേരിലല്ലെങ്കിലും ഭാര്യാ സഹോദരിയുടെ കാരുണ്യത്താൽ രണ്ട് പതിറ്റാണ്ടായി ഇൗ വീട്ടിൽ താമസിക്കുന്ന സൈഫുവിനെ നാട്ടിലെത്തിയാൽ കാത്തിരിക്കുന്നത് കുറേയേറെ കടബാധ്യതകളാണ്. കോവിഡിെൻറ പിടിയിൽപെട്ട് 51 ദിവസത്തെ ചികിത്സക്കും വെൻറിലേറ്റർ വാസത്തിനുമൊടുവിൽ നാടണയാൻ കാത്തിരിക്കുന്ന സൈഫുദ്ദീൻ സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിവെച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
കോവിഡ് ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന സൈഫുദ്ദീൻ ഈ മാസം ഏഴിനാണ് ഡിസ്ചാർജായത്. അൽ ജാബർ കമ്പനിയുടെ ക്വാറൻറീൻ സെൻററിലാണിപ്പോൾ. ഈ മാസം 21ന് 14 ദിവസത്തെ ക്വാറൻറീൻ പൂർത്തീകരിക്കും. അതിന് ശേഷം കമ്പനിയുടെ അക്കമഡേഷനിലേക്കും അവിടെ നിന്ന് സ്ഥാപനത്തിെൻറ ടിക്കറ്റിൽ വൈകാതെ നാട്ടിലേക്കും മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണിപ്പോൾ. കടുത്ത പ്രമേഹത്തോടൊപ്പം കോവിഡും വന്നതോടെയാണ് സൈഫുദ്ദീൻ വെൻറിലേറ്ററിലായത്. 51 ദിവസത്തെ പോരാട്ടത്തിനൊടുവിൽ രക്ഷപ്പെട്ടെത്തിയെങ്കിലും ആരോഗ്യം ക്ഷയിച്ച അവസ്ഥയിലാണ്. അതിനാൽ, വർഷങ്ങളായി താമസിക്കുന്ന വീട്ടിലേക്കുള്ള യാത്രയും ദുഷ്കരമാകും.
കുത്തനെയുള്ള കയറ്റവും ഇറക്കവുമായുള്ള പാതയിലൂടെ വേണം വീട്ടിലെത്താൻ. വാഹനം എത്തുന്ന കുന്നിനു മുകൾ ഭാഗത്തുനിന്നു താഴേക്ക് നടന്നുവേണം എത്താൻ. ആശുപത്രിയിലോ മറ്റോ പോകണമെങ്കിൽ കുന്നു കയറിയുള്ള പോക്കുവരവ് പ്രയാസകരമാകും. സൈഫുദ്ദീനെ സുരക്ഷിതമായി താമസിപ്പിക്കാൻ വാടകവീട് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് നാട്ടിൽ ഭാര്യ മൻസിലയും മക്കളും. ഇപ്പോൾ താമസിക്കുന്ന വീട് മൻസിലയുടെ അനുജത്തി റഹീലയുടെ പേരിലുള്ളതാണ്. മൻസിലയുടെ ഉമ്മ സുബൈദ ബീവിയും സൈഫുദ്ദീെൻറ കുടുംബത്തോടൊപ്പം ഈ വീട്ടിലാണ്. നാട്ടിലെത്തി 14 ദിവസത്തെ ക്വാറൻറീനിൽ കഴിയാനെങ്കിലും സൗകര്യം ഉടൻ കിട്ടണം.
അബൂദബി മുസഫ വ്യവസായ നഗരിയിലെ അൽജാബർ കമ്പനിയിൽ ജോലി ചെയ്തിരുന്ന സഹാദരീ ഭർത്താവ് ഷാഹുൽ ഹമീദ് അയച്ചുകൊടുത്ത വിസയിലാണ് 17 വർഷം മുമ്പ് മുസഫ വ്യവസായ നഗരിയിലെ അൽ ജാബർ കമ്പനിയിൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം സർവേ ജോലിയിൽ ഹെൽപ്പറായെത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസവും രണ്ടു പെൺമക്കളെ കല്യാണം കഴിച്ചയച്ചതുമാണ് പ്രവാസ ജീവിതത്തിെൻറ ആകെത്തുക. ദീർഘകാലം പൊരിവെയിലത്ത് സർവേ ഉപകരണങ്ങളും പേറിയുള്ള ഹെൽപർ ജോലിക്കൊടുവിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ രോഗിയായതിെൻറ ആധിയും ഭാവിയെക്കുറിച്ചുള്ള വേവലാതിയുമാണ് ബാക്കി.
വെൻറിലേറ്റർ വാസത്തിനിടയിൽ ഓക്സിജൻ നൽകാനായി കഴുത്തിലുണ്ടാക്കിയ ദ്വാരം ഉണങ്ങാനുണ്ട്. ആശുപത്രിയിൽ കിടന്ന ദിവസങ്ങളിൽ മൂക്കിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണമായിരുന്നു നൽകിയിരുന്നത്. തുണയായി നാട്ടിലേക്ക് പോകുന്ന അനന്തിരവൻ ഷെഹനാദും ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് വന്ദേഭാരത് വിമാനത്തിൽ യാത്രാനുമതിക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ അനുമതി വേഗത്തിൽ ലഭിക്കുമെന്നും നാട്ടിലെത്തിയാൽ സുമനസ്സുകളുടെ കാരുണ്യത്താൽ സ്വന്തമായി ഭവനമുണ്ടാക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് സൈഫുദ്ദീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
