80 ശതമാനം അവശ്യമരുന്നുകൾ യു.എ.ഇയിൽ നിർമിക്കും
text_fieldsദുബൈ: സമീപഭാവിയിൽ യു.എ.ഇക്ക് വേണ്ട അവശ്യ മരുന്നുകളുടെ 60 മുതൽ 80 ശതമാനം വരെ പ്രാദേശികമായി നിർമിക്കാൻ കഴിയുമെന്ന് ദുബൈ സയൻസ് പാർക്ക് (ഡി.എസ്.പി) മേധാവി മർവാൻ അബ്ദുൽ അസീസ് ജനാഹി പറഞ്ഞു. കോവിഡാനന്തര കാലത്ത് ഭക്ഷണം, മരുന്നുകൾ തുടങ്ങിയ നിർണായകവസ്തുക്കളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനാണ് രാജ്യം ശ്രദ്ധിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, കോവിഡ്-19 പരിശോധനക്ക് ഉപകരണങ്ങളും സാങ്കേതികവിദ്യയും നൽകുന്നതിലും കൊറോണ വൈറസിനെക്കുറിച്ചുള്ള ഗവേഷണവുമായി ബന്ധപ്പെട്ട വലിയ അളവിലുള്ള മെഡിക്കൽ ഡാറ്റ വിശകലനം ചെയ്യുന്നതിലും ഡി.എസ്.പി നിർണായക പങ്കാണ് വഹിക്കുന്നത്. നമ്മുടെ ജീവിതത്തിന് അടിസ്ഥാനമായ ഔഷധവും ഭക്ഷണവും ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ദുബൈ സയൻസ് പാർക്ക് പോലുള്ള കമ്യൂണിറ്റികൾ വസ്തുക്കളുടെ ഉൽപാദനം മാത്രമല്ല, ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിലും അതീവ ശ്രദ്ധയാണ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനാ ഫലങ്ങൾ 18 മണിക്കൂറിനുള്ളിൽ ദുബൈ ഹെൽത്ത് അതോറിറ്റിക്ക് കൈമാറുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഡി.എസ്.പിക്ക് രണ്ട് കോവിഡ്-19 പരിശോധന ലബോറട്ടറികളാണുള്ളത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി മരുന്നുകളും കോവിഡ് -19 ടെസ്റ്റിങ് ഉപകരണങ്ങളും നൽകുന്നുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട വലിയ അളവിലുള്ള ഡാറ്റയും സയൻസ് പാർക്ക് വിശകലനം ചെയ്തിരുന്നു. ടെസ്റ്റുകൾ നടത്തുന്ന ലബോറട്ടറികൾ രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറുമാണ് പ്രവർത്തിക്കുന്നത്. ഈ സമയങ്ങളിൽ അറിവും മനുഷ്യശക്തിയും വളരെ പ്രധാനമാണ്. പരീക്ഷണ ഫലങ്ങളുടെ സമയമായി 18 മണിക്കൂർ മാത്രമാണ് ലാബുകൾക്ക് നൽകുന്നത്. കോവിഡ്-19 ബാധിച്ച രോഗികളുടെ ചികിത്സക്കായി ഉപയോഗിക്കുന്ന അവശ്യമരുന്നുകൾ ശേഖരിക്കുകയും വിതരണം ചെയ്യുകയുമാണ് ഡി.എസ്.പിയുടെ മറ്റൊരു പ്രധാന സംഭാവന.
പുറത്തുവരുന്ന ശാസ്ത്രവിദ്യാർഥികളെ ഫാർമസ്യൂട്ടിക്കൽ മേഖലയുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കാനും പ്രാദേശിക സൗകര്യങ്ങളിൽ പരിശീലനം നൽകാനും ഭാവിയിൽ മികച്ചരീതിയിൽ തയാറെടുപ്പ് നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും അബ്ദുൽ അസീസ് ജനാഹി വ്യക്തമാക്കി. യു.എ.ഇ വളരെയധികം ആശ്രയിക്കുന്നത് പുറത്ത് ഉൽപാദിപ്പിക്കുന്ന മരുന്നുകളെയാണ്. ഉയർന്ന നിലവാരമുള്ള മരുന്നുകൾ രാജ്യത്തിനകത്ത് ഉൽപാദിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും മിതമായ നിരക്കിൽ വിപണനം നടത്തുന്നതിനും ഞങ്ങൾക്ക് സർക്കാറിൽനിന്ന് ധാരാളം പിന്തുണ ലഭിക്കുന്നുണ്ട്. പ്രതിവർഷം 300 ദശലക്ഷത്തിലധികം ഗുളികകളും മറ്റും നിർമിക്കാനുള്ള ശേഷി 135 ദശലക്ഷം ദിർഹമാണ്. പൂർണശേഷി തുറന്നുകഴിഞ്ഞാൽ ഒരു ബില്യൺ വരെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും സയൻസ് പാർക്കിന് കീഴിലെ ഫാർമക്സ് ഫാർമസ്യൂട്ടിക്കൽസ് സി.ഇ.ഒ മധുകർ ടന്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
