ദുബൈയിലെ ബീച്ചുകളിൽ പട്രോളിങ്ങുമായി പോർട്ട് പൊലീസ്
text_fieldsദുബൈ: നിയന്ത്രണങ്ങൾക്ക് ശേഷം ദുബൈയിലെ ബീച്ചുകളും ബീച്ച്പാർക്കുകളും ജലവിനോദ കേന്ദ്രങ്ങളും പൂർണമായും തുറന്നതോടെ ദുബൈ പോർട്ട് പൊലീസ് പട്രോളിങ് ശക്തമാക്കി. ദിവസവും നിരവധി പേരാണ് ബീച്ചുകളും പാർക്കുകളും സന്ദർശിക്കുന്നതെന്നും ദുബൈ പൊലീസ് മറൈൻ റെസ്ക്യൂ ഡയറക്ടർ മറൈൻ ലഫ്റ്റനൻറ് കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു. ബീച്ചുകളിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഞങ്ങൾ സജ്ജരാണ്, ഏത് തരത്തിലുള്ള അപകടങ്ങൾക്കും കൃത്യതയോടെയും വേഗത്തിലും പ്രതികരിക്കാൻ പോർട്ട് പൊലീസ് ജാഗ്രത പുലർത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈ പൊലീസ് മാരിടൈം റെസ്ക്യൂ യൂനിറ്റ് ഇൗ വർഷം ഇതുവരെ 141 മാരിടൈം ഓപറേഷൻ നടത്തി.
18 സമുദ്ര അപകടങ്ങളിലും രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞതായും പോർട്സ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. സുരക്ഷ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുമായി സമുദ്ര പട്രോളിങ് ബോട്ടുകൾ, മോട്ടോർ സൈക്കിളുകൾ, ജെറ്റ് സ്കൈകൾ എന്നിവ ഉപയോഗിച്ച് എല്ലാ ബീച്ചുകളിലും പട്രോളിങ് വർധിപ്പിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യങ്ങളെ നേരിടാൻ മാരിടൈം ഓഫിസർമാർ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമാകും. ഔദ്യോഗിക കണക്കുകൾ പ്രകാരം ജനുവരിയിൽ 63, ഏപ്രിലിൽ ഏഴ്, മേയിൽ 15 എന്നിങ്ങനെയാണ് ദുബൈ പൊലീസ് മറൈൻ റെസ്ക്യൂ വിഭാഗം നടത്തിയ രക്ഷാപ്രവർത്തനങ്ങൾ.
സമ്പൂർണ സംവിധാനങ്ങളോടെ പട്രോളിങ് ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി മാരിടൈം ഡിപ്പാർട്മെൻറ് ഓഫിസുകളും പട്രോളിങ്ങും ഉപകരണങ്ങളും പൂർണമായും അണുവിമുക്തമാക്കി. സുരക്ഷ മുന്നറിയിപ്പുകൾ പാലിക്കണമെന്നും സമുദ്രവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ പാലിക്കണമെന്നും ലഫ്. കേണൽ അൽ നഖ്ബി ബീച്ചിലെത്തുന്നവരോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ദുബൈ ബീച്ചിലെത്തുന്നവരെല്ലാം സുരക്ഷ നിർദേശങ്ങൾ പാലിക്കണം. നമ്മുടെ ബീച്ചുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ നാമെല്ലാവർക്കും അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കാൻ ശ്രദ്ധിക്കണം - കേണൽ അലി അബ്ദുല്ല അൽ നഖ്ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
