മൂന്നാം ഘട്ടം അവസാനിച്ചു; നാലാം ഘട്ടത്തിൽ അവ്യക്തത
text_fieldsദുബൈ: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷെൻറ മൂന്നാം ഘട്ടവും അവസാനിച്ചു. അവസാന ദിനമായ വ്യാഴാഴ്ച യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് മൂന്ന് വിമാനങ്ങൾ സർവിസ് നടത്തി. ഇതോടെ മൂന്നാം ഘട്ടത്തിൽ 56 വിമാനങ്ങളാണ് കേരളത്തിലേക്ക് മാത്രം സർവിസ് നടത്തിയത്. മൂന്ന് ഘട്ടങ്ങളിലായി 12000ഒാളം പേർ കേരളത്തിൽ എത്തിയതായാണ് കണക്ക്. ഇതിനുപുറമെ കെ.എം.സി.സിയുടെ ചാേട്ടർഡ് വിമാനവും സർവിസ് നടത്തി.
അതേസമയം, നാലാം ഘട്ടത്തിലെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിക്കാത്തതിനാൽ അടുത്ത ദിവസങ്ങളിൽ സർവിസ് ഉണ്ടാവില്ല. പ്രവാസികൾ ഇത്രയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് മിഷന് ‘അവധി ദിനങ്ങൾ’ നൽകിയതിൽ പ്രതിഷേധമുയരുന്നുണ്ട്. മൂന്ന് ഘട്ടങ്ങളിലായി ഇന്ത്യയിലേക്ക് 114 വിമാനങ്ങളാണ് പറന്നത്. വ്യാഴാഴ്ച ദുബൈയിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ്, മധുരൈ, ജയ്പുർ എന്നിവിടങ്ങളിലേക്ക് 914 യാത്രക്കാർ എത്തി. അബൂദബിയിൽ നിന്ന് കോഴിക്കോട് സർവിസും നടന്നു.
നാലാം ഘട്ടം ചോദ്യ ചിഹ്നം
ആദ്യ രണ്ട് ഘട്ടങ്ങളും കഴിയുന്നതിന് മുമ്പുതന്നെ അടുത്ത ഘട്ടത്തിലേക്കുള്ള വിമാന ഷെഡ്യൂൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മൂന്നാം ഘട്ടം കഴിയുേമ്പാഴും നാലാം ഘട്ടത്തിലെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ ഒമ്പത് മുതൽ ജൂലൈ രണ്ട് വരെയുള്ള വിമാന സർവിസ് എന്ന പേരിൽ ബുധനാഴ്ച പട്ടിക പുറത്തുവിട്ടിരുന്നു. എന്നാൽ, ജൂൺ ഏഴ് മുതൽ 17 വരെ എന്ന പേരിൽ വ്യാഴാഴ്ച മറ്റൊരു ഷെഡ്യൂൾ കൂടി പുറത്തുവിട്ടിട്ടുണ്ട്. രണ്ട് ഷെഡ്യൂളുകളിലും കേരളത്തിേലക്ക് നാമമാത്ര സർവിസ് മാത്രമാണുള്ളത്. ഇതിൽ ഏതാണ് അന്തിമ ഷെഡ്യൂൾ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ആദ്യഘട്ടങ്ങളിലും ഇങ്ങനെ താൽക്കാലിക ഷെഡ്യൂൾ പുറത്തുവിട്ട ശേഷം പിന്നീട് പൂർണമായ പട്ടിക ഇറക്കിയിരുന്നു. അതിലാണ് കേരളത്തിലേക്കുള്ള കൂടുതൽ സർവിസുകൾ ഇടംപിടിച്ചത്.
ഇത്തവണയും വിശദമായ ഷെഡ്യൂൾ വരുമെന്നും കൂടുതൽ വിമാനം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ. ഇതുവരെ പ്രഖ്യാപനം വന്നിട്ടില്ലാത്തതിനാൽ ഇന്നും നാളെയും സർവിസ് ഉണ്ടാവില്ല. പ്രവാസികൾ ഇത്രയേറെ ബുദ്ധിമുട്ട് സഹിക്കുന്ന സാഹചര്യത്തിൽ ഒാരോ ദിവസവും പരമാവധി സർവിസ് നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ, പുതിയ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ വൈകുന്നതിനാലാണ് അടുത്ത ദിവസങ്ങളിൽ സർവിസ് നടത്താൻ കഴിയാത്തത്.