ഞായറാഴ്ച മുതൽ ഓഫിസുകളിലെത്തണം
text_fieldsഅബൂദബി: കോവിഡ്-19 രോഗ വ്യാപനത്തിനെതിരെയുള്ള എല്ലാ പ്രതിരോധ പ്രവർത്തന നിബന്ധനകളും പാലിച്ച് യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, മറ്റ് അതോറിറ്റികൾ എന്നിവിടങ്ങളിലെ 50 ശതമാനം ജീവനക്കാരും ഞായറാഴ്ച മുതൽ ജോലിക്കു ഹാജരാകണമെന്ന് നിർദേശം. 30 ശതമാനം ഫെഡറൽ ജീവനക്കാരും മേയ് 31 മുതൽ ജൂൺ നാലു വരെ പൊതുമേഖലയിൽ വിജയകരമായി ജോലിയിൽ തിരിച്ചെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സർക്കാർ അറിയിച്ചു.
രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ കാര്യനിർവഹണങ്ങളിൽ സാധാരണ നില പുനഃസ്ഥാപിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും എല്ലാ മേഖലയിലും ക്രമാനുഗതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുമാണ് ജോലി സ്ഥലത്ത് 50 ശതമാനം ജീവനക്കാരുടെ എണ്ണം ഉയർത്തുന്നത്.
ഓഫിസുകളിൽ ജോലിക്ക് മടങ്ങിയെത്തുന്നതിൽനിന്ന് ഒഴിവാക്കേണ്ട വിഭാഗങ്ങളെയും വിദൂരജോലി തുടരേണ്ടവരെയും പ്രത്യേകം സർക്കാർ വേർതിരിച്ചിട്ടുണ്ട്.
ഗർഭിണികൾ, പ്രത്യേകാവശ്യങ്ങൾ ഉള്ളവർ, ആസ്തമ, പ്രമേഹം ഉൾപ്പെടെ വിട്ടുമാറാത്ത രോഗമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് രോഗങ്ങൾ സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ കൈവശമുണ്ടെങ്കിൽ ഓഫിസുകളിലേക്ക് തൽക്കാലം തിരിച്ചെത്തേണ്ടതില്ല.കൂടാതെ പ്രായമായ ജീവനക്കാർ, ഒമ്പതാം ക്ലാസിൽ പഠനം നടത്തുന്ന കുട്ടികളുടെ അമ്മമാർ, സ്ഥിര പരിചരണം നൽകേണ്ട കുട്ടികളെ പരിപാലിക്കുന്ന വനിതാ ജീവനക്കാർ, കോവിഡ് രോഗം മൂലം ആരോഗ്യപരമായ അപകടസാധ്യതകളുള്ളവരുമായി താമസസ്ഥലം പങ്കിടുന്നവർ, വൈറസ് ബാധിതരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നവർ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
രാജ്യവ്യാപകമായി എടുത്ത എല്ലാ ആരോഗ്യ രോഗ പ്രതിരോധ തീരുമാനങ്ങളും തുടർന്നും നടപ്പാക്കുകയും പാലിക്കുകയും വേണം. ശാരീരിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ, സുരക്ഷിതവും രോഗ പ്രതിരോധത്തിന് അനുകൂലമായ തൊഴിൽ അന്തരീക്ഷ ലഭ്യത, വിദൂരജോലിയിലേർപ്പെടുന്നവർക്ക് അവരുടെ കടമകൾ മികച്ച രീതിയിൽ നിർവഹിക്കാൻ ആവശ്യമായ സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ സൗകര്യം എന്നിവ ഉറപ്പാക്കി ജീവനക്കാരെ ജോലി സ്ഥലങ്ങളിൽ സ്വീകരിക്കാനും ജോലിസ്ഥലങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും വേണമെന്നും സർക്കാർ നിഷ്കർഷിക്കുന്നു.