ആശങ്കയുടെ പകലുകൾക്കൊടുവിൽ ആശ്വാസത്തിെൻറ ടേക്ഒാഫ്
text_fieldsറാസൽഖൈമ: ഏറെ പ്രതീക്ഷകളോടെയാണ് അവർ ചൊവ്വാഴ്ച റാസൽഖൈമ വിമാനത്താവളത്തിലേക്ക് എത്തിയത്. വിമാനം വൈകുമെന്ന അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരുന്നെങ്കിലും അവസാന നിമിഷം വരെ അവർ പ്രതീക്ഷയിലായിരുന്നു. എന്നാൽ, രാത്രി ഒമ്പതോടെ അവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. പെട്ടിയും കുട്ടികളുമായി ഹോട്ടലിലേക്ക് മടങ്ങിയപ്പോൾ ബുധനാഴ്ച എന്ത് സംഭവിക്കുമെന്ന കാര്യത്തിലും അവർക്ക് ഉറപ്പില്ലായിരുന്നു. ആശങ്കയുടെ രണ്ട് പകലുകൾക്കൊടുവിൽ ആശ്വാസച്ചിറകിലേറിയാണ് അവർ ബുധനാഴ്ച വൈകീട്ട് 6.45ന് റാസൽഖൈമയിൽ നിന്ന് പറന്നുയർന്നത്.
ചൊവ്വാഴ്ച യാത്ര മുടങ്ങിയതിെന തുടര്‍ന്ന് കണ്ണീരോടെയാണ് മുതിര്‍ന്നവരും ഗര്‍ഭിണികളും എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയതെന്ന് യാത്രികനായ കാസര്‍കോട് സ്വദേശി സഈദ് പറഞ്ഞു. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ കെ.എം.സി.സി സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടല്‍ യാത്രക്കാര്‍ക്ക് സമാശ്വാസം നല്കി. മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോഴും രാത്രി താമസത്തിനും ബുധനാഴ്ച്ച വിമാനം കയറുന്നതുവരെയുമുള്ള കരുതല്‍ സഹായകമായി. അധികൃതരുടെ വിമാന സര്‍വിസിനൊപ്പം കൂടുതല്‍ സന്നദ്ധ സംഘങ്ങള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രതിസന്ധിയിലകപ്പെട്ടവര്‍ക്ക് ആശ്വാസമാകുമെന്ന് സന്ദര്‍ശക വിസയിെലത്തി ലോക്ഡൗണില്‍ കുടുങ്ങിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ചെലവ് ഏറിയാലും കുഴപ്പമില്ല, നാടണയാന്‍ സൗകര്യമൊരുക്കുന്നത് ആശ്വാസകരമാണെന്ന് ദുബൈയില്‍ വര്‍ഷങ്ങളായി ഫിഷര്‍മാനായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഹംസ പറഞ്ഞു. സ്പോണ്സര് സ്ഥലത്തില്ല. ജോലിയും ശമ്പളവും ഇല്ലാതെ വിഷമത്തിലായിരുന്നു. നോര്‍ക്കയിലും എംബസിയിലുമൊക്കെ ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തു. അവസാനമാണ് കെ.എം.സി.സിയെ സമീപിച്ചത്. കാര്‍ഗോയിലെ ഡ്രൈവര്‍ ജോലി നഷ്ടപ്പെട്ട് മടങ്ങുന്ന മുജീബിനും പുണ്യ പ്രവൃത്തിയായാണ് ചാര്‍ട്ടേഡ് വിമാനത്തെ കുറിച്ച് പറയാനുള്ളത്.
ഗര്‍ഭിണിയായ പ്രിയതമയെ നാട്ടിലയക്കാന്‍ കഴിഞ്ഞതിെൻറ ആശ്വാസത്തിലാണ് റാസല്‍ഖൈമയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന താനൂര്‍ സ്വദേശി ഷാജി. സന്ദര്‍ശക വിസയിലാണ് ഭാര്യ അസ്ലത്തിനെയും ഒന്നര വയസ്സുകാരന് ഷഹാനെയും യു.എ.ഇയില്‍ കൊണ്ടുവന്നത്. നിശ്ചയമേതുമില്ലാതെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് കെ.എം.സി.സി വഴി യാത്രസാധ്യമായത്. രണ്ടാള്‍ക്കും കൂടി 1500 ദിര്‍ഹം മാത്രമായിരുന്നു ടിക്കറ്റ് നിരക്കെന്നും ഷാജി വ്യക്തമാക്കി.
സന്ദര്‍ശക വിസയുടെ കാലാവധി രണ്ട് മാസം പിന്നിട്ട 65കാരി കാസര്‍കോട് സ്വദേശിനി ജമീലയും സന്തോഷം പങ്കുവെച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. പത്ത് വര്‍ഷം മുമ്പ് യു.എ.ഇ പ്രവാസം അവസാനിപ്പിച്ച് നാട് പിടിച്ചതായിരുന്നു പെരിന്തല്‍മണ്ണ സ്വദേശി മൊയ്തീന്. മാസങ്ങള്‍ക്ക് മുമ്പ് അജ്മാനിലെത്തിയത് ബിസിനസില്‍ കണ്ണ് നട്ടായിരുന്നു. പണം മുടക്കിയത് മിച്ചം. നിനച്ചിരിക്കാതെ എത്തിയ മഹാമാരിയില്‍ പൊലിഞ്ഞത് മൊയ്തീെൻറ സ്വപ്നങ്ങളും പ്രതീക്ഷകളും. നാട് പിടിക്കാനുള്ള ശ്രമവും ദുഷ്ക്കരമായിരുന്നു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി അരുണും മാതാവ് ജിന്നിയും നാടണയുന്നത് കെ.എം.സി.സി ചാര്‍ട്ടേഡ് ൈഫ്ലറ്റിന് നന്ദി പറഞ്ഞ്. കാനഡയിലേക്കുള്ള യാത്രയായിരുന്നു അരുണിെൻറ ലക്ഷ്യം.
12 വര്‍ഷമായി ദുബൈ ദേരയില്‍ ജോലി ചെയ്യുകയായിരുന്നു പീച്ചി സ്വദേശിനി മിനി. വിസ റദ്ദ് ചെയ്ത് നാട്ടിലായിരുന്ന മിനി ലോക്ഡൗണിന് തൊട്ടു മുമ്പാണ് സന്ദര്‍ശക വിസയില്‍ വീണ്ടും ദുബൈയിെലത്തിയത്. പുതിയ ജോലി തരപ്പെട്ടില്ല. ഇപ്പോള്‍ വിമാനത്തില്‍ കയറുന്നതുവരെയുള്ള രണ്ടര മാസക്കാലം തണല്‍ വിരിച്ചത് കെ.എം.സി.സിയാണ്. പട്ടിണിയില്ലാതെ കഴിഞ്ഞത് ഈ സന്നദ്ധ പ്രവര്‍ത്തകരുടെ കാരുണ്യത്താലാണെന്ന് മിനിയുടെ വാക്കുകള്‍.
എയര്‍പോര്‍ട്ടില്‍ റാക് കെ.എം.സി.സി തൃശൂര്‍ കമ്മിറ്റി യാത്രക്കാര്‍ക്കുള്ള ഭക്ഷണം എത്തിച്ചപ്പോള്‍ മലപ്പുറം കമ്മിറ്റി സേഫ്ടി കിറ്റുകള്‍ വിതരണം ചെയ്തു. അന്‍വര്‍ നഹ, ഷാര്‍ജ കെ.എം.സി.സി ഭാരവാഹികളായ കബീര്‍ ചാന്നാങ്കര, കാദര്‍ ചാക്കനാത്ത്, ഫൈസല്‍ അഴീക്കോട്, ഇര്‍ഷാദ് ഇരിക്കൂര്‍, ഇഖ്ബാല്‍ പാപ്പിനിശ്ശേരി, നഈദ് അഴീക്കോട്, ഹംസക്കുട്ടി അഴീക്കോട്, റാക് കെ.എം.സി.സി ഭാരവാഹികളായ ബഷീര്‍കുഞ്ഞ്, സെയ്തലവി തായാട്ട്, അസീസ് കുടല്ലൂര്‍, പി.കെ. കരീം, റഹീം ജുല്‍ഫാര്‍, അറഫാത്ത് അണങ്കൂര്‍, താജുദ്ദീന് മര്‍ഹബ, ആഷിക് നന്നമുക്ക്, ഹനീഫ പാനൂര്‍, ഹസൈനാര്‍, അഷ്റഫ് തങ്ങള്‍, ജുമാന കരീം, സൗദ അയൂബ്, കരീം വെട്ടം, ബാദുഷ അണ്ടത്തോട്, അയൂബ് കോയഖാന്‍, അല്‍ഹിന്ദ് ട്രാവല്‍സ് മിഡില്‍ ഈസ്റ്റ് ജനറല്‍ മാനേജര്‍ ജലീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.