കനിവുമായി ‘കരളുറപ്പോടെ’ ചേർത്തുപിടിച്ചതിന് നന്ദി
text_fieldsദുബൈ: ജീവെൻറ നല്ലപാതി പകുത്തുനൽകിയ കരളുമായാണ് രാജ്കുമാർ നാലുവർഷം മുമ്പ് വീണ്ടും പ്രവാസമണ്ണിലേക്കെത്തിയത്. കണ്ണീരണിഞ്ഞ ജീവിതദുരിതങ്ങൾക്ക് അൽപമെങ്കിലും ആശ്വാസം, അതു മാത്രമായിരുന്നു അന്നത്തെ സ്വപ്നം. എന്നാൽ, കരളലിഞ്ഞുപോകുന്ന കോവിഡ് ദുരിതക്കാഴ്ചകൾക്കുമുന്നിൽ നിസ്സഹായനായി നിൽക്കാനായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഇൗ 55കാരെൻറ വിധി. കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ചെറിയ രീതിയിലുള്ള അണുബാധ പോലും ജീവൻ അപകടത്തിലാക്കുന്ന അവസ്ഥ. തിരികെ നാടണയാൻ വിമാന ടിക്കറ്റിനുള്ള പണം പോലുമെടുക്കാനാവാതെ അലഞ്ഞ നാളുകൾ. പലരോടു പറഞ്ഞും പല വാതിലുകൾ മുട്ടിയും സഹായം തേടിയ ദിനരാത്രങ്ങൾ.
എന്നാൽ, എല്ലാം ഒരുവിധം നേരെയായതിലുള്ള സന്തോഷമുണ്ട് ഇന്ന് ആ മുഖത്ത്. നാടണയാനാവാതെ കുരുങ്ങിപ്പോയവർക്ക് ആശ്വാസം പകരാൻ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് അർഹരായവരെ നാട്ടിലെത്തിക്കുന്ന ദൗത്യമായ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ വഴി രാജ്കുമാർ നാളെ നാട്ടിലേക്ക് തിരിക്കും. ‘‘സഹായിച്ചത് ഗൾഫ് മാധ്യമം പത്രവും മീഡിയവൺ ചാനലും അവരുടെ കൂടെ പങ്കുചേർന്ന നല്ലമനസ്സുകളുമാണെന്നറിയാം.
എന്നെ സഹായിച്ചവരെ എല്ലാവരെയും ഇതുവരെ നേരിൽ കണ്ടിട്ടുപോലുമില്ല. മരണത്തിെൻറ വക്കിൽ നിന്ന് ജീവിതത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുവന്നവരാണവർ. ദൈവത്തോട് പ്രാർഥിക്കുന്നു; അവർക്ക് നല്ലത് മാത്രം വരുത്തണേ. അവർക്ക് നല്ലത് മാത്രമേ വരൂ’’ - കൈകൂപ്പി കണ്ണീരണിഞ്ഞ് രാജ്കുമാർ പറഞ്ഞു.
രണ്ടര പതിറ്റാണ്ടു കാലത്തോളം റാസൽഖൈമയിൽ പ്രവാസിയായിരുന്ന വെഞ്ഞാറമൂട് സ്വദേശി രാജ്കുമാർ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആറു വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. കത്തുന്ന വെയിൽ വകവെക്കാതെ മരുഭൂമിയിൽ അധ്വാനിച്ചുണ്ടാക്കിയതെല്ലാം അസുഖത്തിനായി ചെലവഴിച്ചു. ഒടുവിൽ കരൾ മാറ്റിവെക്കാൻ ഡോക്ടർ നിർദേശിച്ചപ്പോൾ ഭാര്യ കരൾ പകുത്തുനൽകാൻ തയാറായി. നല്ലപാതിയുടെ തുന്നിപ്പിടിപ്പിച്ച കരളുമായി ജീവിതം തുടങ്ങിയെങ്കിലും ദുരിതം തന്നെയായി പിന്നീട് രാജ്കുമാറിനും കുടുംബത്തിനും കൂട്ട്. വിശന്നു കരയുന്ന മക്കളുടെ മുഖം കാണാൻ കഴിയാതെ വന്നതോടെ, ശരീരവുമായി ചേർത്തുവെച്ച കരളുമായി വീണ്ടും പ്രവാസമണ്ണിലേക്കിറങ്ങി.
ഇപ്പോൾ നാലു വർഷമായി രാജ്കുമാർ യു.എ.ഇയിൽ എത്തിയിട്ട്. കുറഞ്ഞ വേതനമാണെങ്കിലും വീട്ടിലെ പട്ടിണി മാറുമല്ലോ എന്ന ആശ്വാസത്താൽ പിടിച്ചുനിന്നു. അതിനിടെ വേതനം പലതവണ കുറഞ്ഞു. എങ്കിലും പ്രതീക്ഷയോടെ അധ്വാനം തുടരുന്നതിനിടെയാണ് കൊറോണയുടെ വരവ്. ചെറിയ അണുബാധ പോലും ജീവൻ അപകടത്തിലാക്കുമെന്നതിനാൽ ജോലി പോയിട്ട് മുറിയിൽനിന്നും പുറത്തിറങ്ങാനാവാതെ ഭയന്ന് കഴിയുകയായിരുന്നു ഇതുവരെ രാജ്കുമാർ. ഇതിനിടെയാണ് സുഹൃത്തുക്കൾ മുഖേന ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ ഉദ്യമത്തെക്കുറിച്ച് അറിയുന്നത്. ടിക്കറ്റ് ലഭിക്കുമെന്ന് കരുതിയില്ലെങ്കിലും ആദ്യ ലിസ്റ്റിൽ തന്നെ ടിക്കറ്റ് നേടിയ സന്തോഷത്തിലാണ് രാജ്കുമാർ.
നാട്ടിലെത്തിയിട്ട് ഇനി എന്ത് എന്നതിനെ കുറിച്ചൊന്നും ഇപ്പോഴും ഒരു രൂപമില്ലെങ്കിലും ഇനി പ്രവാസമണ്ണിലേക്കൊരു മടക്കമില്ലെന്ന് കണ്ണീരോടെ ഇദ്ദേഹം പറയുന്നു. മക്കൾ രണ്ടു പേരും വിദ്യാർഥികളാണ്. ചെറിയ ജോലികൾ എന്തെങ്കിലും ചെയ്ത് അവരെ പഠിപ്പിക്കണം. ഒപ്പം വലിയ പ്രശ്നങ്ങളില്ലാതെ ജീവിച്ചുപോണം - രാജ്കുമാർ പറഞ്ഞു. വ്യാഴാഴ്ച മൂന്നുമണിക്ക് ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ രാജ്കുമാർ നാട്ടിലേക്ക് തിരിക്കും.